പണം അയക്കരുത്… അത് എന്റെ ശബ്‌ദമല്ല”; എ.ഐ വോയ്സ് ക്ലോണിങ് തട്ടിപ്പിൽ പ്രവാസികൾക്ക് മുന്നറിയിപ്പ്

377835

ദുബൈ: പ്രവാസികളെ ലക്ഷ്യമിട്ട് നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച്​ പുതിയ സൈബർ തട്ടിപ്പ്​ വ്യാപകമാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. യഥാർഥ ശബ്ദം അനുകരിക്കുന്ന ‘എ.ഐ വോയ്സ് ക്ലോണിങ്’, ഡീപ് ഫേക്ക് സാങ്കേതികവിദ്യകളാണ് തട്ടിപ്പുകാരുടെ പുതിയ ആയുധം. വ്യാജ പൊലീസ് കോളുകൾക്കും ബാങ്ക് സന്ദേശങ്ങൾക്കും പുറമെ, അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വരെ ഇവർ ലക്ഷ്യമിടുകയാണ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ശബ്​ദ സന്ദേശങ്ങൾ, റീൽസുകൾ, യൂട്യൂബ് വീഡിയോകൾ, ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ എന്നിവയിൽ നിന്നാണ് തട്ടിപ്പുകാർ ഇരകളുടെ ശബ്ദം ശേഖരിക്കുന്നത്.

യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്‍റെ വിവരമനുസരിച്ച്, ഒരാളുടെ ശബ്ദം നൂറു ശതമാനം കൃത്യതയോടെ ക്ലോൺ ചെയ്യാൻ വെറും മൂന്നു മുതൽ അഞ്ച്​ സെക്കൻഡ് വരെയുള്ള ശബ്​ദ സാമ്പിൾ മതി. ഈ ശബ്ദം എ.ഐ സോഫ്റ്റ്‌വെയർ സഹായത്തോടെ പഠിച്ചെടുക്കുന്ന തട്ടിപ്പുകാർ, പ്രോംപ്​റ്റ് നൽകി ഉദ്ദേശിക്കുന്ന ആളുടെ അതേ ശബ്ദത്തിലും സംസാര ശൈലിയിലും ഓഡിയോ സന്ദേശങ്ങളാക്കി മാറ്റും. സഹ താമസക്കാരൻ പൊലീസ്​ പിടിയിലായെന്നോ നാട്ടിലേക്ക് പണമയക്കാൻ അടിയന്തിരമായി ദിർഹം വേണമെന്നോ സഹമുറിയന്‍റെയോ സുഹൃത്തിന്‍റെയോ ശബ്ദത്തിൽ വിളിച്ച് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. സമാന രീതിയിൽ നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ച് പണം തട്ടാനുള്ള ശ്രമങ്ങളും വ്യാപകമാണ്.

ഗൾഫിൽ വലിയൊരു അപകടം പറ്റിയെന്നോ പൊലീസ് കേസിൽ പെട്ടെന്നോ പറഞ്ഞ്, പ്രവാസിയുടെ അതേ ശബ്ദത്തിൽ അടിയന്തിരമായി പണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്​. സ്വന്തം മകന്‍റെയോ ഭർത്താവിന്‍റെയോ ശബ്ദമായതിനാൽ ഭയന്നുപോകുന്ന കുടുംബാംഗങ്ങൾ സത്യാവസ്ഥ അന്വേഷിക്കാതെ പണം കൈമാറും. അതുകൊണ്ട് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ശബ്ദത്തിൽ പണം ചോദിച്ച് കോൾ വന്നാൽ അവരുടെ ഔദ്യോഗിക നമ്പറിലേക്ക് നേരിട്ട് തിരിച്ചുവിളിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. ​യു.എ.ഇയിലെ പ്രമുഖ കമ്പനികളും സമാന രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ട്​. ഉയർന്ന ഉദ്യോഗസ്ഥരുടെയോ സി.ഇ.ഒമാരുടെയോ ശബ്ദം അനുകരിച്ച് അക്കൗണ്ട്സ് വിഭാഗം ജീവനക്കാരെ കെണിയിൽ പെടുത്തിയാണ്​ പണം സ്വന്തം എകൗണ്ടിലേക്ക്​ ട്രാൻസ്ഫർ ചെയ്യിക്കുക. ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥരുടെ ശബ്ദത്തിലും തട്ടിപ്പ്​ വ്യാപകമാണ്​.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

എമിറേറ്റ്സ് ഐഡി ബ്ലോക്ക് ചെയ്യുമെന്നോ യു.എ.ഇ പാസ് അപ്‌ഡേറ്റ് ചെയ്യണമെന്നോ ഭീഷണിപ്പെടുത്തി ഒ.ടി.പി കൈക്കലാക്കുകയാണ്​ ചെയ്യുന്നത്​. ​ഇത്തരം ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ പ്രവാസികളും നാട്ടിലുള്ള കുടുംബങ്ങളും അമിത ജാഗ്രത പുലർത്തണമെന്നാണ് ദുബൈ പൊലീസിന്‍റെ ഓർമപ്പെടുത്തൽ. അപകടസന്ദേശങ്ങൾ വരുമ്പോൾ തട്ടിപ്പുകാരെ തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്കിടയിൽ മാത്രം അറിയാവുന്ന ഒരു ‘രഹസ്യ കോഡ്’ മുൻകൂട്ടി നിശ്ചയിക്കുന്നത് പ്രതിരോധ മാർഗമാണെന്ന് ഐ.ടി വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ദുബൈ പോലീസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 4 ദിവസവും പൊതുമേഖലയ്ക്ക് 5 ദിവസവും ശമ്പളത്തോടുകൂടിയ അവധി

UAE Greeshma Staff Editor — May 18, 2026 · 0 Comment

uae holley

UAE Eid Al Adha public private sector അബുദാബി: യു.എ.ഇയിൽ ഈ വർഷത്തെ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലാ (ഗവൺമെന്റ്) ജീവനക്കാർക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും (MoHRE) ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസുമാണ് (FAHR) ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്. ദിവസങ്ങൾക്ക് മുൻപ് ചന്ദ്രക്കല ദൃശ്യമായതിനെ തുടർന്നാണ് പെരുന്നാൾ തീയതികളും അവധികളും അധികൃതർ സ്ഥിരീകരിച്ചത്.

സ്വകാര്യ മേഖലയിലെ അവധി ക്രമീകരണം:

യു.എ.ഇയിലെ എല്ലാ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നാല് ദിവസത്തെ പെരുന്നാൾ അവധിയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

  • അവധി ആരംഭിക്കുന്നത്: മെയ് 26 ചൊവ്വാഴ്ച (അറഫാ ദിനം)
  • അവധി അവസാനിക്കുന്നത്: മെയ് 29 വെള്ളിയാഴ്ച
  • ജോലി പുനരാരംഭിക്കുന്നത്: മേയ് 30, 31 ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് (Weekend) ശേഷം ജൂൺ 1 തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങും.

പൊതുമേഖലയിലെ അവധി ക്രമീകരണം:

ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിയാണ് അനുവദിച്ചിട്ടുള്ളത്.

  • അവധി ആരംഭിക്കുന്നത്: മെയ് 25 തിങ്കളാഴ്ച
  • അവധി അവസാനിക്കുന്നത്: മെയ് 29 വെള്ളിയാഴ്ച
  • സർക്കാർ മേഖലയിലും വാരാന്ത്യ അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച മുതൽ കൃത്യമായി ഓഫീസുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു.

ഈ പ്രഖ്യാപനത്തോടെ വാരാന്ത്യ അവധികൾ കൂടി ചേർത്ത് യു.എ.ഇയിലെ ഭൂരിഭാഗം പ്രവാസികൾക്കും സ്വദേശികൾക്കും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ദീർഘമായ വിശ്രമദിനങ്ങൾ ലഭിക്കും

യു.എ.ഇ സ്വകാര്യ മേഖലയിൽ വലിയ മാറ്റം; ജൂൺ 1 മുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നിർബന്ധമാക്കി, ഗ്രേസ് പീരിയഡ് ഒഴിവാക്കി മന്ത്രാലയം

UAE Greeshma Staff Editor — May 18, 2026 · 0 Comment

salary

UAE private sector salary rules ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി ജീവനക്കാർക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന നിയമ പരിഷ്കാരവുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). 2026 ജൂൺ 1 മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്തിരിക്കണമെന്ന് മന്ത്രാലയം പുതിയ ഉത്തരവിറക്കി. മുൻപ് ശമ്പളം നൽകാൻ കമ്പനികൾക്ക് അനുവദിച്ചിരുന്ന 15 ദിവസത്തെ ഇളവ് (Grace Period) പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം.

രാജ്യത്തെ വേതന സംരക്ഷണ സംവിധാനവും (WPS) തൊഴിൽ നിയമങ്ങളും കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിന്റെ ഭാഗമായാണ് 2026-ലെ 340-ാം നമ്പർ മന്ത്രിതല പ്രമേയത്തിലൂടെ ഈ ചരിത്രപരമായ നിയമം നടപ്പിലാക്കുന്നത്

പുതിയ ശമ്പള നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:

  • ഒന്നാം തീയതി കഴിഞ്ഞാൽ ‘വൈകിയ ശമ്പളം’: പുതിയ നിയമം അനുസരിച്ച് മുൻ മാസത്തെ ജോലിക്ക് അർഹതപ്പെട്ട ശമ്പളം തൊട്ടടുത്ത മാസത്തെ ഒന്നാം തീയതി തന്നെ കൃത്യമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിരിക്കണം. ഒന്നാം തീയതിക്ക് ശേഷം നടത്തുന്ന എല്ലാ ശമ്പള വിതരണവും ‘വൈകിയ ശമ്പളമായി’ (Delayed Salary) കണക്കാക്കി ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നിരീക്ഷിക്കും.
  • 85% നിയമം (Compliance Threshold): ഒരു കമ്പനി നിയമം കൃത്യമായി പാലിച്ചതായി കണക്കാക്കണമെങ്കിൽ, അവർ ജീവനക്കാർക്ക് നൽകേണ്ട ആകെ ശമ്പള തുകയുടെ 85 ശതമാനമെങ്കിലും നിശ്ചിത സമയത്ത് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • കിഴിവുകൾ ശമ്പളം മുടങ്ങലല്ല: ഒരു ജീവനക്കാരന് ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും കൃത്യമായി ലഭിക്കുകയും, ബാക്കി തുക നിയമപരമായ മറ്റ് കിഴിവുകളിലേക്ക് (തൊഴിൽ നിയമപ്രകാരമുള്ള പിഴകളോ മറ്റ് അനുമതികളോ) പോയതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ‘ശമ്പളം മുടങ്ങിയവരുടെ’ ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി:

ശമ്പളം നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ ശിക്ഷാനടപടികളാണ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്:

  • രണ്ടാം ദിവസം മുതൽ മുന്നറിയിപ്പ്: ശമ്പളം മുടങ്ങുന്നതിന്റെ രണ്ടാം ദിവസം മുതൽ തന്നെ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി കമ്പനികൾക്ക് കമ്പ്യൂട്ടർ വഴി ഓട്ടോമേറ്റഡ് മുന്നറിയിപ്പുകൾ (Warning Notices) ലഭിച്ചു തുടങ്ങും.
  • അഞ്ചാം ദിവസം വർക്ക് പെർമിറ്റ് ബ്ലോക്ക്: അഞ്ചാം ദിവസവും കാലതാമസം തുടർന്നാൽ കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ (New Work Permits) നൽകുന്നത് മന്ത്രാലയം താൽക്കാലികമായി നിർത്തിവെക്കും.
  • തുടർനടപടികൾ: ലംഘനം തുടരുകയാണെങ്കിൽ 11-ാം ദിവസം മുതൽ കനത്ത സാമ്പത്തിക പിഴകളും, കമ്പനിയുടെ ബിസിനസ്സ് വർഗ്ഗീകരണത്തിൽ തരംതാഴ്ത്തലും നേരിടേണ്ടി വരും. 16 ദിവസത്തിന് ശേഷവും ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ജീവനക്കാരുടെ പേരിൽ തൊഴിൽ തർക്ക കേസുകൾ രജിസ്റ്റർ ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *