Alhind Group to launch 16 Indian visa, consular service centres across UAE: അബുദാബി / ദുബൈ: യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി 16 ഇന്ത്യൻ വിസ അപേക്ഷാ-കോൺസുലർ സേവന കേന്ദ്രങ്ങൾ 2026 ജൂൺ മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ചേർന്ന് നടത്തിയ അന്താരാഷ്ട്ര ടെൻഡർ നടപടിക്കൊടുവിലാണ് ഈ പദ്ധതി അൽഹിന്ദ് ഗ്രൂപ്പിന് ലഭിച്ചത്. 2026 മേയ് 19-ന് ഒപ്പുവെച്ച കരാറിലൂടെ യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് കോൺസുലർ, പാസ്പോർട്ട്, വിസ (CPV) സേവനങ്ങൾ നൽകാനുള്ള ചുമതല അൽഹിന്ദ് ഗ്രൂപ്പിന് ലഭിച്ചു.
15-ലധികം അന്താരാഷ്ട്ര കമ്പനികൾ പങ്കെടുത്ത മത്സരാടിസ്ഥാനത്തിലുള്ള ടെൻഡർ നടപടിക്കുശേഷമാണ് അൽഹിന്ദ് ഗ്രൂപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. കരാർ ഒപ്പിടൽ ചടങ്ങിൽ മുതിർന്ന നയതന്ത്ര പ്രതിനിധികളായ ആശിഷ് കുമാർ വർമ്മ, പ്രേം ചന്ദ് എന്നിവരും കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു. സാങ്കേതിക സൗകര്യങ്ങളോടെയും ഉപഭോക്തൃ സൗഹൃദ സംവിധാനങ്ങളോടെയും പ്രവർത്തിക്കുന്ന പുതിയ കേന്ദ്രങ്ങൾ യുഎഇയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
പാസ്പോർട്ട്-വിസ നടപടികൾ, OCI കാർഡ് സേവനങ്ങൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സർറണ്ടർ സർട്ടിഫിക്കറ്റ് (SC), ഗ്ലോബൽ എൻട്രി പ്രോഗ്രാം (GEP) പരിശോധന, അപ്പോസ്റ്റിൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള വിവിധ കോൺസുലർ സേവനങ്ങളാണ് പുതിയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുക. നിലവിൽ യുഎഇയിലുടനീളം 16 ഓഫീസുകൾ പ്രവർത്തിപ്പിക്കുന്ന അൽഹിന്ദ് ഗ്രൂപ്പ് യാത്രാ-അറ്റസ്റ്റേഷൻ സേവന രംഗത്ത് സജീവ സാന്നിധ്യമാണ് പുലർത്തുന്നത്.