
റാസൽഖൈമ: സുഹൃത്തിന് കൂട്ടായി വീട്ടിലേക്കുള്ള യാത്രയിൽ പങ്കുചേർന്ന 20കാരിയായ എമിറാത്തി സർവകലാശാലാ വിദ്യാർഥിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. യുഎഇയിലെ അൽ ദൈദ് റോഡിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ റാസൽഖൈമ സ്വദേശിനിയായ വിദ്യാർഥിനിയാണ് മരിച്ചത്. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ വിദ്യാർഥിനികൾ സഞ്ചരിച്ച കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന സഹപാഠിക്ക് കൈയ്ക്ക് ഒടിവേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സുഹൃത്തിന് കൂട്ടായി; വിധി കാത്തുവെച്ചത് ദുരന്തം
അൽ ഐനിലെ യുഎഇ യൂണിവേഴ്‌സിറ്റിയിൽനിന്ന് റാസൽഖൈമയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനികൾ. പതിവുപോലെ സഹപാഠികൾക്കൊപ്പം മിനിബസിൽ യാത്ര ചെയ്യാനായിരുന്നു മരിച്ച വിദ്യാർഥിനിയുടെ ആദ്യ തീരുമാനം. എന്നാൽ സ്വകാര്യ കാറുണ്ടായിരുന്ന മറ്റൊരു സഹപാഠി കാറിൽ വീട്ടിലേക്ക് പോകാമെന്ന് ക്ഷണിച്ചു.
ഡ്രൈവർ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരരുതെന്ന കരുതലിലാണ് 20കാരി സുഹൃത്തിനൊപ്പം പോകാൻ തീരുമാനിച്ചത്. എന്നാൽ ഈ സൗഹൃദയാത്ര അപ്രതീക്ഷിതമായി ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
കാറിന്റെ വശത്തേക്ക് ഇടിച്ചുകയറി ടാങ്കർ
മരിച്ച വിദ്യാർഥിനിയുടെ കുടുംബം നൽകിയ വിവരമനുസരിച്ച്, പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുകയായിരുന്ന ടാങ്കർ സഞ്ചരിച്ചിരുന്ന പാതയിൽനിന്ന് മാറി വിദ്യാർഥിനികൾ യാത്ര ചെയ്തിരുന്ന കാറിന്റെ പാതയിലേക്ക് കടക്കുകയും കാറിന്റെ വശത്ത് ഇടിക്കുകയുമായിരുന്നു. മരിച്ച വിദ്യാർഥിനി ഇരുന്ന ഭാഗത്താണ് ഇടിയേറ്റത്.
ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൈയ്ക്ക് ഒടിവേറ്റ ഡ്രൈവറെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹപാഠികൾ ഓർക്കുന്നത് സ്നേഹവും കരുതലും
സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു മരിച്ച വിദ്യാർഥിനി. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിട്ടിറങ്ങുന്ന, സ്നേഹവും കരുണയും നിറഞ്ഞ വ്യക്തിത്വമായിരുന്നു അവളുടേതെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.
ബാല്യകാലം മുതൽ സ്കൂൾ പഠനകാലത്തും സർവകലാശാലാ പഠനകാലത്തും സഹപാഠികളുമായി നല്ല ബന്ധം പുലർത്തിയിരുന്ന അവൾ ഒരിക്കലും മറ്റുള്ളവരുമായി തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതായി അറിയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം മയ്യിത്ത് നമസ്കാരം നടത്തി. അൽ ഉറൈബി ഖബർസ്ഥാനിലാണ് വിദ്യാർഥിനിയെ ഖബറടക്കിയത്.