UAE social media defamation fine : യുഎഇയിൽ സോഷ്യൽ മീഡിയയിൽ അപമാനിച്ചാൽ 5 ലക്ഷം ദിർഹം വരെ പിഴ; തടവും ലഭിക്കാം

UAE social media defamation fine : ദുബൈ: സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാം.

ഒക്ടോബറിൽ ആചരിക്കുന്ന സൈബർ സുരക്ഷാ അവബോധ മാസത്തിന്റെ ഭാഗമായി നടത്തുന്ന ‘നിങ്ങളുടെ ഡിജിറ്റൽ അവബോധത്തിലൂടെ യുഎഇ സുരക്ഷിതമാണ്’ എന്ന കാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ദുബൈ പൊലീസും ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററും (DESC) സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്.

കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34-ലെ ആർട്ടിക്കിൾ 43 ആണ് കാമ്പയിൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

നിയമപ്രകാരം, മറ്റൊരാളെ അപമാനിക്കുകയോ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് അപമാനത്തിനോ ശിക്ഷാനടപടികൾക്കോ വിധേയനാക്കാൻ ഇടയാക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്താൽ തടവ്, 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ, അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷ ലഭിക്കാം. പൊതുഉദ്യോഗസ്ഥൻ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ ലക്ഷ്യമാക്കപ്പെടുന്ന സാഹചര്യങ്ങളിൽ ശിക്ഷ കൂടുതൽ കർശനമായേക്കാം.

മാന്യമായ ഓൺലൈൻ ഇടപെടലുകൾക്ക് ആഹ്വാനം

സോഷ്യൽ മീഡിയ വ്യക്തിപരമായ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള വേദിയാകരുതെന്ന് കാമ്പയിൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. പകരം, സൃഷ്ടിപരമായ ആശയങ്ങൾ പങ്കുവെക്കാനും മാന്യമായ രീതിയിൽ അഭിപ്രായങ്ങൾ കൈമാറാനും സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നാണ് നിർദേശം.

യുഎഇയുടെ സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയും പോസിറ്റീവായ ഓൺലൈൻ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും കാമ്പയിന്റെ ലക്ഷ്യമാണ്.

സൈബർ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം

ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളും കാമ്പയിനിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉത്തരവാദിത്തമുള്ള ഓൺലൈൻ പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

യുഎഇയുടെ വാർഷിക സൈബർ സുരക്ഷാ അവബോധ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ മാസം മുഴുവൻ കാമ്പയിൻ തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *