
UAE National Guard Rescues 22 Crew Members യുഎഇ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിലെ 22 ജീവനക്കാരെയും ദേശീയ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് വിഭാഗം സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവർ ഏഷ്യൻ പൗരന്മാരാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിൽ തീപിടിത്തമുണ്ടായതായി ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിവരം ലഭിച്ചയുടൻ കോസ്റ്റ് ഗാർഡ് സംഘം കപ്പൽ കണ്ടെത്തി സ്ഥലത്തെത്തി ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഇതിനിടെ, റാസ് അൽ ഖൈമ തീരത്തിന് സമീപം അപകടത്തിൽപ്പെട്ട എം.ടി. ജെം നമ്പർ 2 (MT GEM No. 2) എന്ന കപ്പലിലെ 22 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇവർ സുരക്ഷിതരാണെന്നും യുഎഇ അധികൃതരുമായി ചേർന്ന് തുടർനടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.