body =====

Kuwait KD 23,000 fraud case തെളിവുകൾ മതിയല്ലെന്ന് കോടതി ; കുവൈത്തിൽ 23,000 ദിനാർ തട്ടിപ്പ് കേസ്: പ്രവാസിയെ കുറ്റവിമുക്തനാക്കി അപ്പീൽ കോടതി

COURT

Kuwait KD 23,000 fraud case കുവൈത്ത് സിറ്റി: യൂറോപ്പിൽ റെസ്റ്റോറന്റ് ആരംഭിച്ചുനൽകാമെന്നും റെസിഡൻസി പെർമിറ്റ് ശരിയാക്കാമെന്നും വാഗ്ദാനം ചെയ്ത് രണ്ടുപേരിൽനിന്ന് 23,000 കുവൈത്തി ദിനാർ (ഏകദേശം 63 ലക്ഷം രൂപ) തട്ടിയെടുത്തെന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി കുറ്റവിമുക്തനാക്കി.

കേസിൽ നേരത്തെ രണ്ട് പ്രതികൾക്കും മൂന്ന് വർഷം തടവും 200 കുവൈത്തി ദിനാർ പിഴയും വിധിച്ചിരുന്നു. ശിക്ഷ പൂർത്തിയാക്കിയശേഷം ഇരുവരെയും രാജ്യത്തുനിന്ന് നാടുകടത്താനും കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് കോടതി ശിക്ഷ റദ്ദാക്കിയത്.

റെസ്റ്റോറന്റ് ആരംഭിച്ചതിന് തെളിവുകൾ ഹാജരാക്കി

കേസ് വിശദമായി പരിശോധിച്ച അപ്പീൽ കോടതി പരാതിക്കാരുടെ ആരോപണങ്ങൾ അംഗീകരിച്ചില്ല. പ്രതിഭാഗം ഹാജരാക്കിയ രേഖകളും തെളിവുകളും കോടതി പരിഗണിച്ചു.

യൂറോപ്പിൽ പരാതിക്കാരിൽ ഒരാളുടെ പേരിൽ തന്നെ റെസ്റ്റോറന്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതായി രേഖകൾ വ്യക്തമാക്കിയിരുന്നു. റെസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പരാതിക്കാരന്റെ പിതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.

റെസ്റ്റോറന്റ് അടച്ചത് വാടക കുടിശ്ശിക കാരണം

റെസിഡൻസി പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കങ്ങൾ, വാടക കുടിശ്ശിക, പരാതിക്കാരുടെ അസാന്നിധ്യം തുടങ്ങിയവയാണ് റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ കാരണമായതെന്ന് കോടതി നിരീക്ഷിച്ചു.

പണം നൽകിയത് നിക്ഷേപ കരാറിന്റെ ഭാഗമായിട്ടാണെന്നും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ജറാ അൽ മാലിക് കോടതിയിൽ വാദിച്ചു.

തെളിവുകൾ മതിയല്ലെന്ന് കോടതി

തട്ടിപ്പ് കുറ്റം നിലനിൽക്കണമെങ്കിൽ വഞ്ചനാപരമായ മാർഗങ്ങൾ ഉപയോഗിച്ച് പണം കൈക്കലാക്കാനുള്ള ഉദ്ദേശ്യം തെളിയിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ കീഴ്‌ക്കോടതി വിധിച്ച തടവുശിക്ഷയും പിഴയും നാടുകടത്തൽ ഉത്തരവും റദ്ദാക്കി പ്രവാസിയെ കുറ്റവിമുക്തനാക്കാൻ അപ്പീൽ കോടതി ഉത്തരവിട്ടു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy