
Abu Dhabi Announces Outdoor Seating Rules അബുദാബി: റസ്റ്ററന്റുകൾക്കും കഫേകൾക്കും കടകൾക്കും മുന്നിൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി മേശയും കസേരയും സ്ഥാപിക്കുന്നതിന് കർശന നിബന്ധനകൾ ഓർമിപ്പിച്ച് അബുദാബി നഗരസഭ. പൊതുനടപ്പാതകളിൽ ഔട്ട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് മുൻകൂർ അനുമതി നേടണം. അനുവദിച്ച സ്ഥലത്തിന്റെ പരിധി ലംഘിക്കുകയോ കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി.
പുറത്തെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിശദീകരിക്കുന്നതിനായി നഗരസഭ ബോധവൽക്കരണ ക്യാംപെയ്ൻ നടത്തി. റസ്റ്ററന്റ്, കഫേ, കട ഉടമകൾക്കാണ് പ്രധാനമായും നിർദേശങ്ങൾ നൽകിയത്. പൊതുസ്ഥലങ്ങളുടെ വൃത്തിയും നഗരത്തിന്റെ സൗന്ദര്യവും സംരക്ഷിക്കുന്നതിനൊപ്പം കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കടയ്ക്ക് മുന്നിൽ പാലിക്കേണ്ട നിബന്ധനകൾ
സ്ഥാപനത്തിന് തൊട്ടുമുന്നിലുള്ള നടപ്പാതയിൽ മാത്രമേ ഇരിപ്പിടങ്ങൾ ഒരുക്കാൻ പാടുള്ളൂ. ഇരിപ്പിടങ്ങളുടെ നീളം കടയുടെ മുൻവശത്തിന്റെ നീളത്തിൽ കവിയരുത്. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കുറഞ്ഞത് ഒരു മീറ്റർ വീതിയുള്ള പാത ഉറപ്പാക്കണം. കെട്ടിടങ്ങളുടെ പ്രവേശനകവാടങ്ങൾ, വാഹന പാർക്കിങ് പ്രവേശനകവാടങ്ങൾ, അടിയന്തര സേവന വാഹനങ്ങളുടെ പാതകൾ എന്നിവ തടസ്സപ്പെടുത്താനും പാടില്ല.
12 മീറ്ററിൽ കൂടുതൽ നീളത്തിൽ ഔട്ട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങൾ അതിനുള്ളിൽ കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ പ്രത്യേക പാതയും ഉറപ്പാക്കണം.
വിവിധ സ്ഥലങ്ങളിൽ പാലിക്കേണ്ട അകലം
പുറത്തെ ഇരിപ്പിടങ്ങൾ ഒരുക്കുമ്പോൾ സമീപത്തെ കെട്ടിടങ്ങളിൽനിന്നും പൊതുസൗകര്യങ്ങളിൽനിന്നും നിശ്ചിത അകലം പാലിക്കണം.
- 8 മീറ്റർ: താമസക്കെട്ടിടങ്ങളുടെ പ്രവേശനകവാടങ്ങളിൽനിന്ന്.
- 3 മീറ്റർ: വൈദ്യുതി മുറികൾ, സബ്സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങളിൽനിന്ന്.
- 2 മീറ്റർ: ഭൂഗർഭ പാർക്കിങ് പ്രവേശനകവാടങ്ങൾ, ബസ് സ്റ്റോപ്പുകൾ, അടിയന്തര സേവന മേഖലകൾ എന്നിവയിൽനിന്ന്.
- 1 മീറ്റർ: തെരുവുവിളക്കുകൾ, ദിശാസൂചക ബോർഡുകൾ, പാർക്കിങ് ഫീസ് യന്ത്രങ്ങൾ, അഗ്നിശമന ഹൈഡ്രന്റുകൾ തുടങ്ങിയവയിൽനിന്ന്.
റോഡുകളുടെ സംഗമസ്ഥാനങ്ങളിൽ വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന തരത്തിൽ മേശകളും കസേരകളും സ്ഥാപിക്കരുത്.
വേലികൾക്കും കുടകൾക്കും നിയന്ത്രണം
ഔട്ട്ഡോർ ഇരിപ്പിടങ്ങൾ പൂർണമായും വേലി കെട്ടിയോ ഭിത്തി നിർമിച്ചോ അടച്ചിടാൻ പാടില്ല. എളുപ്പത്തിൽ മാറ്റിവയ്ക്കാവുന്ന വേലികൾ ഉപയോഗിക്കാമെങ്കിലും അവയുടെ ഉയരം 1.20 മീറ്ററിൽ കൂടരുത്.
ഇരിപ്പിടങ്ങൾക്കായി ഉപയോഗിക്കുന്ന കുടകൾക്ക് കുറഞ്ഞത് 2.20 മീറ്റർ ഉയരമുണ്ടായിരിക്കണം. ഇവ സുരക്ഷിതവും എളുപ്പത്തിൽ മാറ്റിവയ്ക്കാവുന്നതുമായിരിക്കണം. ശക്തമായ കാറ്റുള്ളപ്പോൾ കുടകൾ അടച്ച് മാറ്റണമെന്നും നഗരസഭ നിർദേശിച്ചു.
മേശകളും കസേരകളും സുരക്ഷിതവും ആവശ്യാനുസരണം മാറ്റാൻ കഴിയുന്നതുമായിരിക്കണം. അനുമതിയില്ലാതെ നടപ്പാതയിൽ പ്ലാറ്റ്ഫോമുകളോ തറകളോ നിർമിക്കാനും പൊതുസൗകര്യങ്ങളിൽ മാറ്റം വരുത്താനും പാടില്ല.
വൃത്തിയും സുരക്ഷയും നിർബന്ധം
ഇരിപ്പിടങ്ങളും ഉപകരണങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഉപയോഗിക്കാത്ത സാധനങ്ങളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്. അനുവദിച്ച സ്ഥലത്തിന്റെ പരിധിക്കുള്ളിൽ മാത്രമേ എല്ലാ ഉപകരണങ്ങളും സ്ഥാപിക്കാവൂ.
ഔട്ട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ അനുമതി നേടുകയും അനുമതിയിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുകയും വേണമെന്ന് നഗരസഭ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു. പെർമിറ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് അബുദാബി നഗരസഭയുടെ 800 555 എന്ന നമ്പറിൽ ബന്ധപ്പെടാം.
പൊതുനടപ്പാതകൾ എല്ലാവർക്കും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ നിലനിർത്തുന്നതിനും നഗരത്തിന്റെ വൃത്തിയും ഭംഗിയും സംരക്ഷിക്കുന്നതിനുമാണ് ഈ നിർദേശങ്ങൾ. അതിനാൽ അബുദാബിയിൽ പുറത്തെ ഇരിപ്പിടങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ അനുമതിയും സ്ഥലപരിധിയും സംബന്ധിച്ച ചട്ടങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.