body =====

ജീവിതം എന്നെ ഒരുപാടുണ്ട് പഠിപ്പിച്ചു;പക്ഷെ നിങ്ങളില്ലാതെ എങ്ങനെ ജീവിക്കണമെന്ന് ജീവിതം എന്നെ പഠിപ്പിച്ചില്ല’; ഉമ്മയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ശൈഖ് മുഹമ്മദ്

1000089079

ദുബൈ: ഉമ്മയോടുള്ള സ്നേഹവും വേർപാടിന്റെ വേദനയും ഹൃദയസ്പർശിയായ വാക്കുകളിൽ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പരേതയായ മാതാവ് ശൈഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാനെക്കുറിച്ചുള്ള വൈകാരികമായ കത്താണ് അദ്ദേഹം പുറത്തുവിട്ടത്. തന്റെ പുതിയ പുസ്തകമായ ലെറ്റേഴ്സ് എന്ന കൃതിയിലാണ് അമ്മയോടുള്ള സ്നേഹവും ഓർമകളും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

‘ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, പക്ഷേ നിങ്ങളില്ലാതെ എങ്ങനെ ജീവിക്കണമെന്ന് ഒരിക്കലും പഠിപ്പിച്ചില്ല’ എന്ന വാക്കുകളാണ് കത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം. അമ്മയെ തന്റെ ഹൃദയവും ആത്മാവും മാതൃഭൂമിയും പ്രിയപ്പെട്ടവളുമായാണ് ശൈഖ് മുഹമ്മദ് വിശേഷിപ്പിക്കുന്നത്.

അമ്മയുടെ സ്നേഹവും കരുതലും നിറഞ്ഞ ഓർമകൾ

കുട്ടിക്കാലത്ത് അമ്മയുടെ കൈകളിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ചിരുന്ന നിമിഷങ്ങളും ഔഷധസസ്യങ്ങളെയും കുതിരകളെയും കുറിച്ച് അമ്മയുമായി നടത്തിയ സംഭാഷണങ്ങളും അദ്ദേഹം കത്തിൽ ഓർത്തെടുക്കുന്നു.

രോഗികളെ ചികിത്സിക്കുകയും അനാഥരെ സംരക്ഷിക്കുകയും ദരിദ്രരായ സ്ത്രീകൾക്ക് സ്വന്തം കൈകളാൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്ന കാരുണ്യവതിയായിരുന്നു അമ്മയെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു. പിതാവ് ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന് നാല് പതിറ്റാണ്ടോളം താങ്ങും കരുത്തുമായി നിന്ന വ്യക്തിയായും അദ്ദേഹം അമ്മയെ വിശേഷിപ്പിക്കുന്നു.

ലണ്ടൻ യാത്രയും മറക്കാനാകാത്ത സമ്മാനവും

ബാല്യത്തിൽ ആദ്യമായി ലണ്ടനിലേക്ക് പോയപ്പോൾ അമ്മ തനിക്കായി വാങ്ങിത്തന്ന ആദ്യത്തെ സ്മാർട്ട് ജാക്കറ്റിനെക്കുറിച്ചും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അമ്മയ്ക്ക് നൽകിയ സമ്മാനത്തെക്കുറിച്ചും അദ്ദേഹം ഓർമകൾ പങ്കുവെച്ചു.

താൻ യാത്രതിരിച്ച കാലത്തെ നാടും ഇന്നത്തെ ദുബൈയും തമ്മിലുള്ള മാറ്റവും കത്തിൽ പരാമർശിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വലിയ നഗരമായി ദുബൈ മാറിയ ഈ കാലത്ത് അമ്മ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹവും അദ്ദേഹം പങ്കുവെക്കുന്നു.

26 കത്തുകളുമായി പുതിയ പുസ്തകം

ശൈഖ് മുഹമ്മദിന്റെ ആറ് പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തെയും അനുഭവങ്ങളെയും ആസ്പദമാക്കിയാണ് ലെറ്റേഴ്സ് എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും യുവതലമുറയ്ക്കും അധ്യാപകർക്കും നേതാക്കൾക്കുമായി എഴുതിയ 26 കത്തുകളാണ് പുസ്തകത്തിലുള്ളത്.

വ്യക്തിപരമായ ഓർമകളും ജീവിതാനുഭവങ്ങളും പങ്കുവെക്കുന്ന ഈ കത്തിലൂടെ അമ്മയുമായുള്ള ആഴത്തിലുള്ള ബന്ധവും വേർപാടിന്റെ വേദനയും ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണ് ദുബൈ ഭരണാധികാരി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy