
ദുബായ്: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ ദുബായിലേക്ക് കൊണ്ടുവരാൻ നിശ്ചിത മാസശമ്പളം ഉണ്ടായിരിക്കണം. സന്ദർശകന്റെ ബന്ധം അനുസരിച്ച് സ്പോൺസർക്ക് ആവശ്യമായ കുറഞ്ഞ ശമ്പളത്തിലും വ്യത്യാസമുണ്ട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) നിശ്ചയിച്ചിട്ടുള്ള പ്രധാന വ്യവസ്ഥകൾ അറിയാം.
കുടുംബാംഗങ്ങൾക്ക് കുറഞ്ഞത് 4,000 ദിർഹം ശമ്പളം
ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മക്കൾ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരാൻ സ്പോൺസർക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരാൻ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ശമ്പളപരിധിയാണിത്.
സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കും 8,000 ദിർഹം
സഹോദരങ്ങൾ, മുത്തശ്ശൻ, മുത്തശ്ശി, പേരക്കുട്ടികൾ, അമ്മാവൻ, അമ്മായി, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരെ സ്പോൺസർ ചെയ്യാൻ പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ആവശ്യമാണ്.
സുഹൃത്തുക്കളെ കൊണ്ടുവരാൻ 15,000 ദിർഹം വേണം
കുടുംബബന്ധമില്ലാത്ത സുഹൃത്തിനെ സന്ദർശക വിസയിൽ ദുബായിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയെങ്കിൽ സ്പോൺസർക്ക് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. ഈ വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നത്.
സ്പോൺസർക്ക് വേണ്ട യോഗ്യതകൾ
ശമ്പളപരിധി പാലിക്കുന്നതിനൊപ്പം സ്പോൺസർക്ക് സാധുവായ യുഎഇ റെസിഡൻസ് വിസയും എമിറേറ്റ്സ് ഐഡിയും ഉണ്ടായിരിക്കണം. ആവശ്യപ്പെടുന്ന സാഹചര്യത്തിൽ വരുമാനം തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.
ശമ്പളം തെളിയിക്കാൻ സാലറി സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ തുടങ്ങിയ രേഖകൾ ഉപയോഗിക്കാം. ബിസിനസ് ഉടമകൾക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമോ പങ്കാളിത്തമോ തെളിയിക്കുന്ന രേഖകൾ ആവശ്യമായി വന്നേക്കാം.
ഏതൊക്കെ രേഖകൾ വേണം?
സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സാഹചര്യത്തിനനുസരിച്ച് താഴെ പറയുന്ന രേഖകൾ ആവശ്യമായി വരും:
- സ്പോൺസറുടെ എമിറേറ്റ്സ് ഐഡി, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ.
- സന്ദർശകന്റെ പാസ്‌പോർട്ട് പകർപ്പും പുതിയ ഫോട്ടോയും.
- വരുമാനം തെളിയിക്കുന്ന രേഖകൾ.
- ബന്ധം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ.
- താമസസൗകര്യം തെളിയിക്കുന്ന രേഖകൾ.
- ആവശ്യമായ സാഹചര്യത്തിൽ മടക്കയാത്രാ ടിക്കറ്റും ആരോഗ്യ ഇൻഷുറൻസ് രേഖകളും.
സമർപ്പിക്കുന്ന രേഖകൾ ബന്ധപ്പെട്ട അധികൃതരുടെ നിബന്ധനകൾക്ക് അനുസൃതമായിരിക്കണം. പാസ്‌പോർട്ടിന് സാധാരണയായി കുറഞ്ഞത് ആറുമാസത്തെ കാലാവധിയും ആവശ്യമാണ്.
30, 60, 90 ദിവസത്തെ വിസയ്ക്ക് എത്ര ഫീസ്?
ദുബായിലെ സന്ദർശക വിസയ്ക്കുള്ള സിംഗിൾ എൻട്രി വിസയുടെ അടിസ്ഥാന ഫീസ് ഇങ്ങനെയാണ്:
- 30 ദിവസത്തെ വിസ: 200 ദിർഹം.
- 60 ദിവസത്തെ വിസ: 300 ദിർഹം.
- 90 ദിവസത്തെ വിസ: 400 ദിർഹം.
ഇതിനുപുറമേ 1,000 ദിർഹത്തിന്റെ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ബാധകമായേക്കാം. വാറ്റ്, ആരോഗ്യ ഇൻഷുറൻസ്, സേവന നിരക്കുകൾ എന്നിവ കൂടി വരുന്നതിനാൽ അന്തിമ തുകയിൽ വ്യത്യാസമുണ്ടാകും.
എവിടെ അപേക്ഷിക്കാം?
ദുബായിലെ GDRFAയുടെ ഔദ്യോഗിക ഓൺലൈൻ സംവിധാനങ്ങൾ, സ്മാർട്ട് ആപ്ലിക്കേഷൻ, അംഗീകൃത ആമർ സെന്ററുകൾ എന്നിവ വഴി അപേക്ഷ സമർപ്പിക്കാം. വിസ അനുവദിക്കുന്നത് ആവശ്യമായ രേഖകളും മറ്റ് വ്യവസ്ഥകളും പരിശോധിച്ച ശേഷമായിരിക്കും.
കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ദുബായിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അപേക്ഷിക്കുന്നതിന് മുമ്പ് തങ്ങളുടെ ശമ്പളപരിധിയും ആവശ്യമായ രേഖകളും പരിശോധിക്കുന്നത് നടപടികൾ എളുപ്പമാക്കും.