
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ താമസക്കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ആഡംബര കാർ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി അധികൃതർ. ഏകദേശം 4,500 കുവൈത്ത് ദിനാർ വിലമതിക്കുന്ന 2026 മോഡൽ അമേരിക്കൻ കാറാണ് മോഷണം പോയത്. ഇന്ത്യൻ രൂപയിൽ 12.3 ലക്ഷത്തിലധികം വിലവരുന്ന വാഹനമാണിത്.
വാഹനം പാർക്കിങ് സ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് ഉടമ സാൽമിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരത്തേ പരിചയമുള്ള ഒരാളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിഭാഗമായ ‘ഫെലണി’യിലേക്ക് മാറ്റിയതായാണ് വിവരം. പ്രതിയെ പിടികൂടുന്നതിനും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗങ്ങൾക്ക് കൈമാറി.
മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച വിവരവും ലഭ്യമല്ല.
പാർക്കിങ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നു
വാഹനമോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രധാന റോഡുകളിലും താമസക്കെട്ടിടങ്ങളിലെ പാർക്കിങ് മേഖലകളിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ പട്രോളിങ്ങും സിസിടിവി നിരീക്ഷണവും വർധിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.
വാഹന ഉടമകൾ പാർക്കിങ് സ്ഥലങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാഹനങ്ങൾ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതും മോഷണങ്ങൾ തടയാൻ സഹായിക്കും.
സാൽമിയയിലെ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മോഷണം പോയ വാഹനം കണ്ടെത്തുന്നതിനും ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
1 Comment