
Abu Dhabi Bans Car Washing in Public Parking Areas അബുദാബി: പൊതുപാർക്കിങ് മേഖലകളിൽ വാഹനങ്ങൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി. മവാഖിഫ് പാർക്കിങ് സംവിധാനത്തിന് കീഴിലുള്ള പൊതുപാർക്കിങ് സ്ഥലങ്ങളിൽ കാർ വാഷിങ് സേവനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
പൊതുപാർക്കിങ് സ്ഥലങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുക, അനധികൃതമായി വാഹനങ്ങൾ കഴുകുന്ന പ്രവണത തടയുക, നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. മവാഖിഫ് സംവിധാനത്തിന് കീഴിലുള്ള വില്ലാ താമസമേഖലകളിലെ വാഹന വാഷിങ് പ്രവർത്തനങ്ങളും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
അതേസമയം, അധികൃതർ അനുമതി നൽകിയ സ്ഥലങ്ങളിൽ ലൈസൻസുള്ള കമ്പനികൾക്ക് വാഹനങ്ങൾ കഴുകുന്നതിനുള്ള സേവനങ്ങൾ നൽകാം. ഇതിനായി അബുദാബി മൊബിലിറ്റിയുടെ മുൻകൂർ അനുമതി നേടുകയും നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുകയും വേണം.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ക്യു മൊബിലിറ്റിയുമായും ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ച് പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും.
അനുമതിയില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങൾ കഴുകുന്നത് ഒഴിവാക്കണമെന്നും ലൈസൻസുള്ള സ്ഥാപനങ്ങളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ എന്നും വാഹന ഉടമകളോട് അധികൃതർ നിർദേശിച്ചു. അംഗീകൃത സ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുന്നതിലൂടെ പൊതുസ്ഥലങ്ങളുടെ ശുചിത്വം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അറിയിച്ചു.