
Kuwait Seizes 3 Illegal Food Establishments കുവൈത്ത് സിറ്റി: സ്വകാര്യ വീടുകളിൽ അനധികൃതമായി ഭക്ഷ്യവസ്തുക്കൾ വിൽക്കുകയും വ്യാപാരം നടത്തുകയും ചെയ്തിരുന്ന മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ കുവൈത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. അൽ അഹ്മദി ഗവർണറേറ്റിലെ നെഗറ്റീവ് ഫിനോമിന കമ്മിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവരുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഭക്ഷ്യവസ്തുക്കളുടെ അനധികൃത വിൽപ്പനയും വ്യാപാരവും ഉൾപ്പെടെ എട്ട് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുകയും വിൽക്കുകയും ചെയ്തതും ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത തൊഴിലാളികളെ നിയമിച്ചതും പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതും കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.
നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനം തടയുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ തുടരുമെന്നും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.