
Kuwait arrests two expats കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ, സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിൽ രണ്ട് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് ആദ്യ കേസിൽ ശ്രീലങ്കൻ പൗരനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ അർദിയ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തൊഴിലുടമയുടെ കുടുംബത്തെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ സംശയം ഒഴിവാക്കി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി അന്വേഷണത്തിലും നിരീക്ഷണ ദൃശ്യങ്ങളിലും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
പ്രതിയുടെ കൈവശത്തുനിന്ന് മെത്താംഫെറ്റമിൻ അടങ്ങിയ ബാഗുകൾ കണ്ടെത്തി. വീട്ടുടമയുമായി ഏകോപനം നടത്തിയതിനെത്തുടർന്ന് ഇയാളുടെ മുറിയിൽനിന്നും കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തു. ശ്രീലങ്കയിലുള്ള വിവിധ വ്യക്തികൾക്ക് അയച്ചതായി കരുതുന്ന 6,573 കുവൈത്ത് ദിനാറിന്റെ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കുവൈത്തിന് പുറത്തുള്ള ഒരാളുമായി സഹകരിച്ച് വിൽപ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വച്ചിരുന്നതായി പ്രതി സമ്മതിച്ചതായും മന്ത്രാലയം അറിയിച്ചു.
മറ്റൊരു കേസിൽ അഹമ്മദി ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് പൗരനെ അറസ്റ്റ് ചെയ്തു. ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാൾ ലൈസൻസില്ലാതെ യാത്രക്കാർക്ക് കറൻസി കൈമാറ്റം ചെയ്തിരുന്നതായാണ് ആരോപണം. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കളും കണ്ടെത്തി.
കൂടാതെ, ആവശ്യമായ ലൈസൻസുകളില്ലാതെ സിഗരറ്റ് വിൽക്കുകയും കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്കും രാജ്യം വിടുന്നവർക്കും വേണ്ട രേഖകൾ അച്ചടിച്ച് നൽകുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ കുടുംബങ്ങളും തൊഴിലുടമകളും ശ്രദ്ധിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. അറസ്റ്റിലായ രണ്ടുപേരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Kuwaiti Dentist Wins British Award കുവൈത്ത് സിറ്റി: ബ്രിട്ടീഷ് ഓർത്തോഡോണ്ടിക്‌സ് സൊസൈറ്റി നൽകുന്ന ഓർത്തോഡോണ്ടിക്‌സ് സ്വർണമെഡൽ നേടി കുവൈത്ത് ദന്തഡോക്ടർ ഡോ. സുഹൈം അൽ അജ്മി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കുവൈത്ത്, ഗൾഫ് ദന്തഡോക്ടറെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. കുവൈത്ത് വാർത്താ ഏജൻസിയായ കുനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേട്ടത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവച്ചത്.
യുകെയിലെ പ്രമുഖ വിദഗ്ധർക്കിടയിൽ ഈ അംഗീകാരം ലഭിച്ചത് ശാസ്ത്രീയമായും തൊഴിൽപരമായും വലിയ നേട്ടമാണെന്ന് ഡോ. അൽ അജ്മി പറഞ്ഞു. അറിവും കഠിനാധ്വാനവും ലക്ഷ്യബോധവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ കുവൈത്ത് ഡോക്ടർമാർക്കും അന്താരാഷ്ട്ര തലത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ മികച്ച ഓർത്തോഡോണ്ടിസ്റ്റിനുള്ള ഡേവിഡ് ഡി ബിയാസി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
ഈ അംഗീകാരങ്ങൾ ഗവേഷണവും ചികിത്സാരംഗത്തെ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുവ കുവൈത്ത് ഡോക്ടർമാർ തങ്ങളുടെ ശാസ്ത്രീയവും തൊഴിൽപരവുമായ അഭിലാഷങ്ങൾക്ക് പരിധി നിശ്ചയിക്കാതെ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.