
Kuwait Fire Force Closes 23 Facilities in Hawally കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ 23 സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടി. കെട്ടിടങ്ങളും സ്ഥാപനങ്ങളും അഗ്നിബാധ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജനറൽ ഫയർ ഫോഴ്സ് നടത്തിയ പരിശോധനാ ക്യാംപയിനിലാണ് നടപടി.
പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ 69 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ, നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 61 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.
കെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഫയർ സേഫ്റ്റി, അഗ്നിബാധ പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധനകൾ നടത്തുന്നതെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
ജീവനും സ്വത്തിനും ഉണ്ടാകാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി വിവിധ മേഖലകളിൽ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.