body =====

കാലൊടിഞ്ഞു മുന്നിൽ മരണഭയം,7 വയസുകാരനെ വിട്ടില്ല; ആഴമേറിയ കിണറ്റിൽ ജീവൻ പണയംവെച്ച് രക്ഷകയായ പ്രവാസി യുവതി; സിനിമയെ വെല്ലും സംഭവം ഇങ്ങനെ

1000082820

ഫുജൈറ: ഏഴ് വയസുകാരന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ധീരമായി പോരാടിയ എത്യോപ്യൻ വീട്ടുജോലിക്കാരി യുഎഇയിൽ ശ്രദ്ധേയയായി. ഫുജൈറയിലെ മെറാഷിദ് പ്രദേശത്തെ വീട്ടിലുണ്ടായ അപകടത്തിലാണ് 25കാരിയായ എത്യോപ്യൻ യുവതി കുട്ടിയെ രക്ഷിക്കാൻ അസാമാന്യ ധൈര്യം കാട്ടിയത്.

ഒക്ടോബർ 3ന് വൈകിട്ട് ഏകദേശം 3.30ഓടെയാണ് സംഭവം. കുട്ടിയും വീട്ടുജോലിക്കാരിയും വീടിന് പിന്നിലെ പ്രദേശത്തുണ്ടായിരുന്ന കിണറിന്റെ മൂടിക്ക് മുകളിലേക്ക് അറിയാതെ കയറിയതോടെയാണ് അപകടമുണ്ടായത്. ഇരുവരുടെയും ഭാരം താങ്ങാനാകാതെ മരപ്പലകകളും കല്ലുകളും ഉപയോഗിച്ച് മൂടിയിരുന്ന കിണറിന്റെ മൂടി തകർന്നതോടെ ഇരുവരും കിണറ്റിലേക്ക് വീഴുകയായിരുന്നു.

കാലൊടിഞ്ഞിട്ടും കുട്ടിയെ ചേർത്തുപിടിച്ചു

കിണറ്റിൽ വീണതോടെ യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഒരു കാലിന് പൊട്ടലുണ്ടായിട്ടും കുട്ടിയെ കൈവിടാൻ അവർ തയ്യാറായില്ല. കിണറ്റിനുള്ളിലെ ലോഹഘടനയിൽ ശരീരം താങ്ങിനിർത്തി കുട്ടിയും താനും കൂടുതൽ ആഴത്തിലേക്ക് വീഴാതിരിക്കാൻ ശ്രമിച്ചു.

ഇതിനിടെ യുവതി സഹായത്തിനായി നിലവിളിച്ചു. ശബ്ദം കേട്ട മറ്റൊരു വീട്ടുജോലിക്കാരി സ്ഥലത്തെത്തി ഉടൻ പൊലീസിനെയും അടിയന്തര രക്ഷാസേനകളെയും വിവരം അറിയിച്ചു.

ആദ്യം രക്ഷിച്ചത് കുട്ടിയെ

പൊലീസ്, ഫുജൈറ സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തിയപ്പോഴും യുവതി കുട്ടിയെ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ എത്തിയപ്പോൾ തന്നെക്കാൾ മുമ്പ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാൻ അവർ അനുവദിച്ചു.

ഇരുവരെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അടുത്ത ദിവസം തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ കാലിന് പൊട്ടലേറ്റ യുവതി ഫുജൈറ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വീട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

സംഭവത്തിന് പിന്നാലെ കിണറിന് മുകളിൽ ഉറപ്പുള്ള ലോഹമൂടിയും ചുറ്റും സുരക്ഷാ വേലിയും സ്ഥാപിച്ചു. കുട്ടികൾക്കും മറ്റുള്ളവർക്കും കിണറിനടുത്തേക്ക് എത്താൻ കഴിയാത്ത വിധത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

ഫുജൈറ സിവിൽ ഡിഫൻസ് വീടുകളിലും ഫാമുകളിലും ഭൂമിയിലുമുള്ള കിണറുകൾ സുരക്ഷിതമായി മൂടണമെന്നും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് നൽകി. തുറന്നതോ സുരക്ഷിതമല്ലാത്തതോ ആയ കിണറുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വലിയ അപകടഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.

**സ്വന്തം വേദന മറന്ന് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷം വരെ പിടിവിടാതിരുന്ന യുവതിയുടെ ധൈര്യമാണ് ഇപ്പോൾ യുഎഇയിൽ ശ്രദ്ധ നേടുന്നത്.**

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy