
അബുദാബി: ഉറക്കത്തിനിടെ എത്തിയ ഫോൺകോൾ എടുക്കാനായില്ല. എന്നാൽ ആ വിളിക്ക് പിന്നാലെ ജീവിതം തന്നെ മാറിമറിഞ്ഞു. യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ബെർണാഡെറ്റ് അസൂസീനയ്ക്ക് 20 മില്യൺ ദിർഹം (ഏകദേശം 45 കോടി രൂപ) ബംപർ സമ്മാനം. ഒക്ടോബർ 3ന് അബുദാബിയിൽ നടന്ന സീരീസ് 291 തത്സമയ നറുക്കെടുപ്പിലാണ് 42കാരിയായ ബെർണാഡെറ്റിന്റെ ടിക്കറ്റ് വിജയിയായത്.
യുഎഇയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബെർണാഡെറ്റ് ഇപ്പോൾ ഫിലിപ്പീൻസിലാണ്. കൈയ്ക്ക് ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഭർത്താവ് ഇപ്പോഴും യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്.
വിളിച്ചത് കോടികൾ അടിച്ച വിവരം അറിയിക്കാൻ; പക്ഷേ ഉറക്കത്തിലായിരുന്നു
ഫിലിപ്പീൻസ് സമയം പുലർച്ചെ 1.30ഓടെയാണ് ബിഗ് ടിക്കറ്റ് സംഘാടകർ ബെർണാഡെറ്റിനെ ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ ഉറക്കത്തിലായിരുന്ന ഇവർക്ക് ഫോൺ എടുക്കാനായില്ല. പിന്നീട് ഭർത്താവ് വീഡിയോ കോൾ ചെയ്ത് സന്തോഷവാർത്ത അറിയിക്കുകയായിരുന്നു.
“ഇരുന്ന് ശ്വാസം എടുക്കൂ, നമ്മൾ വിജയിച്ചു” എന്നായിരുന്നു ഭർത്താവ് പറഞ്ഞത്. ആദ്യം താൻ സ്വപ്നം കാണുകയാണെന്നാണ് കരുതിയതെന്നും വാർത്ത വിശ്വസിക്കാനായില്ലെന്നും ബെർണാഡെറ്റ് പറഞ്ഞു.
ഭാഗ്യം വന്നത് 22 പേരുടെ കൂട്ടായ്മയിലേക്ക്
2017 മുതൽ 22 സുഹൃത്തുക്കളടങ്ങുന്ന സംഘത്തിനൊപ്പമാണ് ബെർണാഡെറ്റ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. ഓരോ തവണയും സംഘത്തിലെ ഓരോരുത്തരുടെ പേരിൽ മാറിമാറിയാണ് ടിക്കറ്റ് എടുക്കുക. ഇത്തവണ ബെർണാഡെറ്റിന്റെ പേരിൽ എടുത്ത ടിക്കറ്റിനാണ് ബംപർ സമ്മാനം ലഭിച്ചത്. അതിനാൽ 20 മില്യൺ ദിർഹം 22 അംഗങ്ങൾക്കുമായി പങ്കിടും.
ആദ്യം ചെയ്യുന്നത് കടങ്ങൾ തീർക്കൽ
തനിക്ക് ലഭിക്കുന്ന വിഹിതം ഉപയോഗിച്ച് ഫിലിപ്പീൻസിലെ വീടിന്റെ ഹൗസിങ് ലോൺ അടച്ചുതീർക്കുകയാണ് ബെർണാഡെറ്റിന്റെ പ്രധാന ലക്ഷ്യം. യുഎഇയിലെ കാർ ലോൺ ഉൾപ്പെടെയുള്ള മറ്റ് കടങ്ങളും തീർക്കാനാണ് കുടുംബത്തിന്റെ തീരുമാനം. 15 വയസ്സുള്ള മകളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കാൻ പണം മാറ്റിവെക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, ഈ വലിയ ഭാഗ്യം ലഭിച്ചിട്ടും ബിഗ് ടിക്കറ്റ് എടുക്കുന്നത് നിർത്തില്ലെന്നും ബെർണാഡെറ്റും സുഹൃത്തുക്കളും വ്യക്തമാക്കി.
ഡ്രീം കാറും ഇന്ത്യക്കാരന്
അതേ നറുക്കെടുപ്പിൽ യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി വസീം ഖാൻ നിസാൻ പട്രോൾ ഡ്രീം കാർ സ്വന്തമാക്കി. കൂടാതെ അഞ്ച് ഇന്ത്യൻ പ്രവാസികൾ ചേർന്ന് 19.5 ലക്ഷം ദിർഹം കൺസൊലേഷൻ സമ്മാനമായും നേടി. അബുദാബി സ്വദേശി സുനിൽ കുമാറിന് മാത്രം ഒരു മില്യൺ ദിർഹം ലഭിച്ചു.