body =====

Kuwait government employees attendance system കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ഹാജർ ഇനി കർശനമായി നിരീക്ഷിക്കും; ഡിജിറ്റൽ സംവിധാനം നിർബന്ധമാക്കി

KUWAIT 7

Kuwait government employees attendance system കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിസമയവും ഹാജരും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ സംവിധാനവുമായി സർക്കാർ സ്ഥാപനങ്ങളുടെ ബന്ധം ശക്തമാക്കാൻ കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ നിർദേശം നൽകി.

ജീവനക്കാർ ഓഫീസിൽ എത്തുന്ന സമയവും മടങ്ങുന്ന സമയവും ഔദ്യോഗികമായി ജോലിയിൽ ഉണ്ടായിരുന്ന സമയവും കൃത്യമായി രേഖപ്പെടുത്തുന്നതിൽ ഡിജിറ്റൽ സംവിധാനം പ്രധാന പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സിവിൽ സർവീസ് കൗൺസിലിന്റെ ഔദ്യോഗിക പ്രവൃത്തിസമയ ചട്ടങ്ങൾ ബാധകമായ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.

അവധി അപേക്ഷയും പെർമിഷനും ഇനി ഓൺലൈനിൽ

സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവിധ ഭരണപരമായ സേവനങ്ങളും പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അവധി, പെർമിഷൻ, ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫീസിന് പുറത്തുപോകുന്നതിനുള്ള അനുമതി തുടങ്ങിയ അപേക്ഷകൾ ഇനി സിവിൽ സർവീസ് ബ്യൂറോയുടെ മൊബൈൽ ആപ്പോ വെബ്സൈറ്റോ വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ.

ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പേപ്പർ ഫോമുകളുടെ ഉപയോഗം പൂർണമായി അവസാനിപ്പിക്കാനും സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിരലടയാള ഹാജർ സംവിധാനം കേന്ദ്ര ശൃംഖലയുമായി ബന്ധിപ്പിക്കണം

ഓരോ സർക്കാർ സ്ഥാപനത്തിലെയും വിരലടയാളം അടിസ്ഥാനമാക്കിയുള്ള ഹാജർ സംവിധാനം കേന്ദ്ര ഡിജിറ്റൽ ശൃംഖലയുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

നെറ്റ്‌വർക്ക് കണക്ഷനിലോ ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രവർത്തനത്തിലോ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

സ്ഥാനക്കയറ്റത്തിലും ഹാജർ പ്രധാന മാനദണ്ഡം

ജീവനക്കാരുടെ വാർഷിക പ്രകടന വിലയിരുത്തലിലും സ്ഥാനക്കയറ്റ നടപടികളിലും ഹാജർ വിവരങ്ങൾ പ്രധാന മാനദണ്ഡമായി പരിഗണിക്കും.

സർക്കാർ സ്ഥാപനങ്ങൾ പുതിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ, ഇലക്ട്രോണിക് സേവനങ്ങൾ പൂർണമായി നടപ്പാക്കിയിട്ടുണ്ടോ എന്നിവ പരിശോധിക്കാൻ വരും ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy