
Flydubai flight FZ1073 incident ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിലെ കോപൈലറ്റ് നടത്തിയ ആക്രമണം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണത്തിൽ വ്യക്തമായതായി അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി അറിയിച്ചു.
ഫ്ലൈദുബായ് എഫ്ഇസഡ് 1073 വിമാനത്തിനുള്ളിൽ കോപൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് ആക്‌സ് ഉപയോഗിച്ചാണ് ക്യാപ്റ്റനെ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഇടപെട്ടാണ് ആക്രമണകാരിയെ നിയന്ത്രണവിധേയനാക്കിയത്. ഇതോടെയാണ് കൂടുതൽ അപകടമുണ്ടാകാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞത്.
സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം, ആക്രമണത്തിന്റെ ലക്ഷ്യം, മറ്റാരുടെയെങ്കിലും സഹായമോ ബന്ധമോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. സാങ്കേതിക പരിശോധനകൾക്ക് പുറമെ ഡിജിറ്റൽ, ഭൗതിക തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.
സംഭവം നടന്ന ആദ്യഘട്ടത്തിൽ ഇത് ഒരു സുരക്ഷാ സംഭവമായാണ് ഔദ്യോഗികമായി വിശേഷിപ്പിച്ചിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന നിർണായക വിവരം പുറത്തുവന്നത്.