body =====

പ്രവാസികൾക്ക് ആശ്വാസം; ഉത്സവ സീസണിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്കുകൾ കുറഞ്ഞു

FLIGHT

പ്രവാസികൾക്ക് ആശ്വാസം; ഉത്സവ സീസണിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്കുകൾ കുറഞ്ഞ നിലയിൽ തുടരുന്നു ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഇന്ത്യ-യുഎഇ റൂട്ടിൽ ആഴ്ചയിൽ 272 സർവീസുകൾ നടത്താനാണ് പദ്ധതിയിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി

ദസറയും ദീപാവലിയും അടുത്തെത്തുന്നതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി ആശ്വാസവാർത്ത. ഉത്സവ സീസണിലെ യാത്രാ തിരക്ക് ഇതുവരെ പൂർണമായി ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾ ഇപ്പോഴും താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ബുക്കിങ് ആവശ്യകത വർധിച്ച് വരുന്നതിനാൽ ഒക്ടോബർ രണ്ടാം വാരത്തോടെ നിരക്കുകൾ ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഈ വർഷം ഒക്ടോബർ 20ന് ദസറയും നവംബർ 8ന് ദീപാവലിയും ആഘോഷിക്കുന്നത്. കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കാൻ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന ഈ കാലയളവ് യുഎഇ–ഇന്ത്യ റൂട്ടിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണുകളിലൊന്നായി കണക്കാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ഒക്ടോബർ 19 മുതൽ നവംബർ 9 വരെയുള്ള യാത്രകൾക്കായി പരിശോധിച്ച നിരക്കുകൾ പ്രകാരം ദുബൈയിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ പലതും 1,500 ദിർഹത്തിൽ താഴെയാണ് വരുന്നത്.

ദുബൈ – മുംബൈ ഏകദേശം 1,072 ദിർഹം, ദുബൈ – ന്യൂഡൽഹി ഏകദേശം 1,439 ദിർഹം, ദുബൈ – കൊച്ചി ഏകദേശം 1,042 ദിർഹം, ദുബൈ – ബെംഗളൂരു ഏകദേശം 945 ദിർഹം, ദുബൈ – ഹൈദരാബാദ് ഏകദേശം 1,017 ദിർഹം എന്നിങ്ങനെയാണ് വരുന്നത്.
അതേസമയം സർവീസുകൾ കുറവുള്ള നഗരങ്ങളിലേക്കുള്ള നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നുമുണ്ട്.ദുബൈ – വാരണാസി ഏകദേശം 2,303 ദിർഹം, ദുബൈ – ജയ്പുർ ഏകദേശം 1,426 ദിർഹം എന്നിങ്ങനെ. എയർ അറേബ്യയുടെ സർവീസുകളിൽ ഷാർജയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാർജ – മുംബൈ ഏകദേശം 1,072 ദിർഹം, ഷാർജ – ബെംഗളൂരു ഏകദേശം 945 ദിർഹം, ഷാർജ – ചെന്നൈ ഏകദേശം 1,205 ദിർഹം, ഷാർജ – കൊച്ചി ഏകദേശം 1,042 ദിർഹം, ഷാർജ – തിരുച്ചിറപ്പള്ളി ഏകദേശം 1,370 ദിർഹം എന്നിങ്ങനെയാണവ.

വരാനിരിക്കുന്ന ഉത്സവ, വിന്റർ സീസണിലേക്കുള്ള ബുക്കിങ്ങുകൾ മികച്ച നിലയിൽ തുടരുന്നുവെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. അവസാന നിമിഷ ബുക്കിങ്ങുകളിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഇന്ത്യ-യുഎഇ റൂട്ടിൽ ആഴ്ചയിൽ 272 സർവീസുകൾ നടത്താനാണ് പദ്ധതിയിടുന്നതെന്നും അധികൃതർ വ്യക്തമാക്കി. ദസറ, ദീപാവലി, വിവാഹ സീസൺ എന്നിവ മുന്നിൽ കണ്ട് ഇന്ത്യൻ പ്രവാസികളുടെ യാത്രാ താൽപര്യം കൂടുതലാണെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് ഗുജറാത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാക്കാരുടെ എണ്ണം.

നിലവിൽ നിരക്കുകൾ നിയന്ത്രണത്തിലാണെങ്കിലും, ഒക്ടോബർ പകുതിയോടെ സീറ്റുകളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ യുഎഇയിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കുകയും കൂടുതൽ കണക്റ്റിവിറ്റി ഒരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സർവീസുകൾ കുറവുള്ള ചില നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy