
അബുദാബി: ഓരോ തവണ നാട്ടിൽ വരുമ്പോഴും ധാരാളം സമ്മാനങ്ങളുമായി എത്തുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് കുട്ടികളുള്ളവരാണെങ്കിൽ അവർക്കായി കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ട്. എന്നാൽ, നിങ്ങൾ സന്തോഷത്തോടെ കൊണ്ടുവരുന്ന സമ്മാനങ്ങൾ അവർക്ക് ദോഷമായാലോ? കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചില ആപത്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുത്തിടെ ഷാർജയിൽ താമസിക്കുന്ന അഞ്ച് വയസുകാരന്റെ കുടലിൽ കാന്തങ്ങളടങ്ങിയ 52 മുത്തുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നിലവിൽ കുട്ടി സുഖം പ്രാപിച്ചെങ്കിലും ഇത്തരം കളിപ്പാട്ടങ്ങൾ വലിയ അപകടമുണ്ടാക്കുമെന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ യുഎഇയിലും മറ്റ് രാജ്യങ്ങളിലും വിപണിയിൽ സജീവമാണ്. എന്നാൽ, ഈ ചെറിയ കാന്തങ്ങൾ കുട്ടികൾ വിഴുങ്ങിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും അറിയില്ല. നാണയങ്ങളോ മറ്റ് വസ്‌തുക്കളോ വിഴുങ്ങുന്നതിൽ നിന്ന് വ്യത്യസ്‌തമായി ആന്തരികമായി ഗുരുതര പരിക്കുണ്ടാകാൻ ഇവ കാരണമാകുന്നു.
ബിൽഡിംഗ് കിറ്റുകൾ, കാന്തങ്ങളടങ്ങിയ ബോളുകൾ, മുത്തുകൾ തുടങ്ങി നിരവധി കളിപ്പാട്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ പലതിലും ശക്തിയേറിയ നിയോഡൈമിയം കാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തീരെ ചെറുതും ആകർഷകവുമായതിനാൽ കുട്ടികൾ വിഴുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കുട്ടികൾ ഒന്നിലധികം കാന്തങ്ങൾ വിഴുങ്ങിയാൽ അവ കുടലിന്റെ വിവിധ ഭാഗങ്ങളിലായി പരസ്‌പരം ആകർഷിക്കും. ഇതോടെ രക്തപ്രവാഹം തടസപ്പെടും. ആന്തരികമായി മുറിവുണ്ടാകാനും കാരണമാകും. ഇത് മൂലം കുടലിൽ ദ്വാരങ്ങളുണ്ടാകാനും അണുബാധയുണ്ടാകാനും മരണം പോലും സംഭവിച്ചേക്കാനും സാദ്ധ്യതയുണ്ട്.
ഒന്നോ രണ്ടോ കാന്തങ്ങൾ പോലും വളരെ അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലക്ഷണങ്ങൾ ഉടൻ പ്രത്യക്ഷപ്പെടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ, ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് ഉത്തമം.
അറിഞ്ഞോ???? യുഎഇയിൽ അഞ്ചുകോടി സമ്മാനം നേടാം; പ്രവാസികൾക്ക് വൻ അവസരം
UAE June 30, 2026

ദുബായ്: യുഎഇയിലെ പ്രശസ്തമായ ‘അൽ സഫ 2’ പാർക്കിന്റെ ഡിസൈൻ പുതിയത് തയ്യാറാക്കി വൻ തുക സമ്മാനമായി നേടാൻ അവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയാണ് ഡിസൈൻ തയ്യാറാക്കേണ്ടത്. എഐയുടെ സഹകരണത്തോടെ ദുബായിൽ നടക്കുന്ന പബ്ളിക് പാർക്ക് ഡിസൈൻ ചലഞ്ചിലൂടെയാണ് സമ്മാനം നേടാൻ അവസരം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ജൂൺ 25ന് ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ദുബായ്ക്കായി മൂന്ന് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. അതിലൊന്നാണ് എഐ ഡിസൈൻ ചെയ്ത പബ്ളിക് പാർക്ക്. ഇതിന്റെ ഭാഗമായി ഇന്നലെയാണ് ഡിസൈൻ ചലഞ്ചുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തിയത്. ഡിസൈനർമാർ, പ്ളാനർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, എഐ ഇന്നവേറ്റർമാർ തുടങ്ങിയവർക്ക് മത്സത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. 200,000 ദിർഹം ( അഞ്ച് കോടിയിലധികം രൂപ) ആണ് മൊത്തം സമ്മാനത്തുക. ഒന്നാം സമ്മാനം 100,000 ദിർഹം, രണ്ടാം സമ്മാനം 65,000 ദിർഹം, മൂന്നാം സമ്മാനം 35,000 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
https://aipark.dm.gov.ae/ai-competition എന്ന വെബ്‌സൈറ്റിലാണ് ഡിസൈനുകൾ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 15നാണ് ഇതിനുള്ള അവസാന തീയതി. ഡാറ്റ വിശകലനം, ദൃശ്യവത്ക്കരണം, വിശദമായ ഡ്രോയിംഗുകൾ, പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന മനുഷ്യകേന്ദ്രീകൃത ഡിസൈൻ തുടങ്ങിയവ ഉൾപ്പെടുന്ന മാസ്റ്റർ പ്ളാൻ ആണ് സമർപ്പിക്കേണ്ടത്.