ഗൃഹപ്രവേശനത്തിനും വിവാഹസ്വപ്നങ്ങൾക്കും ദിവസങ്ങൾ മാത്രം; ചേതനയറ്റ് സാഹിലെത്തി പുതിയവീട്ടിൽ, വിങ്ങിപ്പൊട്ടി ഉറ്റവരും നാടും;എന്തിന് ആ കടുംകൈ ചെയ്തു??

455494

പുതിയ വീട് പൂർത്തിയായതിന്റെ സന്തോഷം പങ്കിടാനും മാസങ്ങൾക്കുമുൻപ് നിശ്ചയിച്ച വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു നിമിഷം കൊണ്ട് എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു. ജൂൺ 26ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തിരുന്ന മലയാളി യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത് ചേതനയറ്റ്. കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശിയായ ഉഴുത്താൽ പറമ്പിൽ മുന്ന സാഹിൽ (26) ന്റെ വേർപാട് നാടിനെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ നാല് വർഷമായി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിലെ ഒരു ഭക്ഷ്യവസ്തു വിതരണ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്ത് വരികയായിരുന്ന മുന്ന സാഹിലിനെ സ്ഥാപനത്തിന്റെ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഒരാഴ്ച മുൻപാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൗദി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്താണ് പൂർത്തിയാക്കിയത്. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

തുടർന്ന്, എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദിൽ (കബർസ്ഥാൻ പള്ളി) മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി. മാതാപിതാക്കൾ: അഷ്റഫ്, സാഫിയ. സഹോദരൻ: നിഹാൽ റോഷൻ. 

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലേക്ക് കടക്കാനൊരുങ്ങിയ വേളയിൽ മുന്നയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഉറ്റവർ ഇനിയും മുക്തരായിട്ടില്ല. നിർമാണം പൂർത്തിയായ പുതിയ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനും അഞ്ച് മാസം മുൻപ് നിശ്ചയിച്ചിരുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മുന്ന സാഹിലിന്റെ അപ്രതീക്ഷിത മരണം. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ചുമലിലേറ്റി പ്രവാസ ജീവിതം നയിച്ചിരുന്ന മുന്നയുെട വേർപാട്, നാടിനും സുഹൃത്തുക്കൾക്കും പ്രവാസി സമൂഹത്തിനും ഒരിക്കലും മറക്കാനാകാത്ത വേദനയായി മാറി.

വിസ,പാസ്‌പോർട്ട് പുതുക്കാൻ പ്ലാനുണ്ടോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വീണ്ടും നിർണായക അറിയിപ്പ്

UAE June 30, 2026

455481

അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സാധാരണ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള കാത്തിരിപ്പ് നീളുന്നു. സാധാരണ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവച്ച നടപടി ജൂലൈ 1 വരെ നീട്ടിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈ കാലയളവിൽ അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അത്യാവശ്യ ഘട്ടങ്ങളിലുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ

സേവന ദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് ഈ താൽക്കാലിക തടസ്സം. ജൂലൈ 2 മുതലുള്ള സാധാരണ സർവീസുകളെയും അപ്പോയിന്റ്മെന്റുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബിഎൽഎസിന് പകരം ഇനി ‘അൽഹിന്ദ്’

യുഎഇയിലുടനീളമുള്ള ഔട്ട്‌സോഴ്‌സ് ചെയ്ത ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ വിതരണം 2026 ജൂലൈ 1 മുതൽ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി’ ഏറ്റെടുക്കുകയാണ്.

ഈ മാറ്റത്തിന്റെ ഭാഗമായി, നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (BLS International), അറ്റസ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നിവർ ജൂൺ 25-ഓടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ജൂൺ 26 മുതൽ ജൂൺ 30 വരെ അഞ്ച് ദിവസത്തേക്ക് സാധാരണ സേവനങ്ങൾ നിർത്തിവയ്ക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും ഇപ്പോഴത് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.

അടിയന്തര സഹായങ്ങൾക്ക് എങ്ങനെ ബന്ധപ്പെടാം?

പാസ്‌പോർട്ട്, വിസ പുതുക്കൽ തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര സഹായം ആവശ്യമുള്ള പ്രവാസികൾക്കായി ഇരു മിഷനുകളും പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ യാത്രക്കാർക്ക് ബന്ധപ്പെടാം:

  • ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)
  • വാട്‌സ്ആപ്പ് നമ്പർ: +971 54 309 0571

സാധാരണ അപ്പോയിന്റ്മെന്റുകൾ കൃത്യമായി എപ്പോൾ മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ, വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക എംബസി, കോൺസുലേറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം പിന്തുടരണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ജീവൻ പോലും അപകടത്തിലാകാം;പ്രവാസികൾ ചെയ്യുന്ന വലിയ തെറ്റ്, ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു

UAE June 30, 2026

UAE 3

അബുദാബി: ഓരോ തവണ നാട്ടിൽ വരുമ്പോഴും ധാരാളം സമ്മാനങ്ങളുമായി എത്തുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് കുട്ടികളുള്ളവരാണെങ്കിൽ അവർക്കായി കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ട്. എന്നാൽ, നിങ്ങൾ സന്തോഷത്തോടെ കൊണ്ടുവരുന്ന സമ്മാനങ്ങൾ അവർക്ക് ദോഷമായാലോ? കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചില ആപത്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുത്തിടെ ഷാർജയിൽ താമസിക്കുന്ന അഞ്ച് വയസുകാരന്റെ കുടലിൽ കാന്തങ്ങളടങ്ങിയ 52 മുത്തുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.

നിലവിൽ കുട്ടി സുഖം പ്രാപിച്ചെങ്കിലും ഇത്തരം കളിപ്പാട്ടങ്ങൾ വലിയ അപകടമുണ്ടാക്കുമെന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ യുഎഇയിലും മറ്റ് രാജ്യങ്ങളിലും വിപണിയിൽ സജീവമാണ്. എന്നാൽ, ഈ ചെറിയ കാന്തങ്ങൾ കുട്ടികൾ വിഴുങ്ങിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും അറിയില്ല. നാണയങ്ങളോ മറ്റ് വസ്‌തുക്കളോ വിഴുങ്ങുന്നതിൽ നിന്ന് വ്യത്യസ്‌തമായി ആന്തരികമായി ഗുരുതര പരിക്കുണ്ടാകാൻ ഇവ കാരണമാകുന്നു.

ബിൽഡിംഗ് കിറ്റുകൾ, കാന്തങ്ങളടങ്ങിയ ബോളുകൾ, മുത്തുകൾ തുടങ്ങി നിരവധി കളിപ്പാട്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ പലതിലും ശക്തിയേറിയ നിയോഡൈമിയം കാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തീരെ ചെറുതും ആകർഷകവുമായതിനാൽ കുട്ടികൾ വിഴുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കുട്ടികൾ ഒന്നിലധികം കാന്തങ്ങൾ വിഴുങ്ങിയാൽ അവ കുടലിന്റെ വിവിധ ഭാഗങ്ങളിലായി പരസ്‌പരം ആകർഷിക്കും. ഇതോടെ രക്തപ്രവാഹം തടസപ്പെടും. ആന്തരികമായി മുറിവുണ്ടാകാനും കാരണമാകും. ഇത് മൂലം കുടലിൽ ദ്വാരങ്ങളുണ്ടാകാനും അണുബാധയുണ്ടാകാനും മരണം പോലും സംഭവിച്ചേക്കാനും സാദ്ധ്യതയുണ്ട്.

ഒന്നോ രണ്ടോ കാന്തങ്ങൾ പോലും വളരെ അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലക്ഷണങ്ങൾ ഉടൻ പ്രത്യക്ഷപ്പെടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ, ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് ഉത്തമം

Related Posts

Leave a Reply

Your email address will not be published. Required fields are marked *