ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ അബദ്ധത്തിൽ നഷ്ടപ്പെട്ടുപോയ ഒരു ലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന ആഡംബര വാച്ചുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടങ്ങിയ ബാഗ് ദുബായ് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. ഗൾഫ് സ്വദേശിയായ യാത്രക്കാരനാണ് വിമാനത്താവളത്തിൽ ബാഗ് മറന്നുവച്ചത്. ടെർമിനൽ ഒന്നിലെ അറൈവൽ ഹാളിലുള്ള ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഓഫീസിൽ യാത്രക്കാരൻ പരാതി നൽകിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പരാതി ലഭിച്ചയുടൻ തന്നെ സുരക്ഷാ വിഭാഗം കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് യാത്രക്കാരൻ സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും തിരച്ചിലിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തതായി ഡി.എക്സ്.ബി ടെർമിനൽ വൺ സെക്യൂരിറ്റി ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരി അറിയിച്ചു. എയർപോർട്ട് ഗ്രൗണ്ട് പട്രോളിങ്ങും ടെർമിനൽ ഓപറേഷൻസ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ ഹാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തിരക്കേറിയ അറൈവൽ ഏരിയയിൽ നിന്നുമാണ് ബാഗ് കണ്ടെടുത്തത്. പരിശോധനയിൽ 1,03,880 ദിർഹം വിലവരുന്ന മൂന്ന് ആഡംബര വാച്ചുകളും ലാപ്‌ടോപ്പും ടാബ്‌ലെറ്റും ബാഗിൽ സുരക്ഷിതമായി തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങളും രേഖകളുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷം ബാഗ് യാത്രക്കാരന് തിരികെ നൽകി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രഫഷണൽ സമീപനത്തെയും അതിവേഗത്തിലുള്ള നടപടിയെയും യാത്രക്കാരൻ അഭിനന്ദിച്ചു.
രക്ഷപ്പെടാൻ നൽകിയത് 15 മിനിറ്റ്, 60 തവണ മുന്നറിയിപ്പ്; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട കപ്പലാക്രമണത്തിന് മുൻപ് സംഭവിച്ചത്
Latest June 16, 2026

ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വാണിജ്യക്കപ്പലായ എംടി സെറ്റബെല്ലയെ ആക്രമിക്കുന്നതിന് മുൻപ് 60 തവണ യുഎസ് സേന മുന്നറിയിപ്പ് സന്ദേശം നൽകിയതായി റിപ്പോർട്ട്. ആക്രമണത്തിന് മുന്നോടിയായി എട്ട് തവണ മുന്നറിയിപ്പ് വെടിവയ്‌പുകളും യുഎസ് നടത്തിയതായാണ് വിവരം. ഇത് ഗൗനിക്കാതെ വന്നതോടെയാണ് എംടി സെറ്റബെല്ലയുടെ എഞ്ചിൻ റൂമിലേക്ക് യുഎസ് ആക്രമണം നടത്തിയത്.
ഇറാനിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്താനും ഉപരോധങ്ങൾ ലംഘിക്കാനും ഉപയോഗിച്ചിരുന്ന ഷാഡോ ഫ്ലീറ്റ് കപ്പലിനെയാണ് ആക്രമിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. കപ്പൽ പല തവണയായി അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും കപ്പൽ ആക്രമിക്കുന്നതിന് രണ്ടാഴ്ച മുന്നേന്നെ അമേരിക്കൻ സേന നിരവധിതവണ തവണ കപ്പലുമായി ആശയവിനിമയം നടത്തിയതായും ഉദ്യോഗസ്ഥൻ പറയുന്നു. കപ്പലിന് നേരെ വെടിയുതിർക്കുന്നതിന് മുൻപ് എഞ്ചിൻ റൂമിൽനിന്ന് പുറത്തുകടക്കുന്നതിനായി 15 മിനിറ്റ് സമയം നൽകിയെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിറക്കി. യുഎസ് തങ്ങളുടെ ഉപരോധം കൃത്യമായി നടപ്പിലാക്കുമെന്ന് ഇപ്പോൾ വ്യക്തമായിക്കാണും എന്നും അവർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്‌ചയാണ് ഒമാൻ തീരത്ത് എംടി സെറ്റബല്ലയെന്ന എണ്ണക്കപ്പൽ യുഎസിന്റെ ആക്രമണത്തിന് ഇരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാനിലേക്ക് ഇന്ധനം കൊണ്ടുപോയെന്ന് ആരോപിച്ച് വാണിജ്യക്കപ്പലിനുനേരെ നടത്തിയ നടപടിക്കെതിരെ അന്താരാഷ്‌ട്ര സമുദ്രപാതകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വഴി തെറ്റി, പ്രതീക്ഷ മങ്ങി;മലനിരകളിൽ കുടുങ്ങി ജീവൻ പണയപ്പെട്ട് ദുരിതത്തിന്റെ 48 മണിക്കൂർ;ഒടുവിൽ സംഭവിച്ചത്
UAE June 15, 2026

Dubai Police rescue hiker ദുബായ്: ഹത്ത മലനിരകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ അറബ് വംശജനെ വിപുലമായ തിരച്ചിലിനൊടുവിൽ ദുബായ് പോലീസിന്റെ പ്രത്യേക രക്ഷാപ്രവർത്തന സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് മലനിരകളിൽ ഒറ്റപ്പെട്ടുപോയ വ്യക്തി സഹായം അഭ്യർത്ഥിച്ച് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് വിളിച്ചതെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ കെത്ബി പറഞ്ഞു. സന്ദേശം ലഭിച്ച ഉടൻ തന്നെ ദുബായ് പോലീസിന്റെ പ്രത്യേക ‘ബ്രേവ് ടീം’, ഹത്ത പോലീസ് പട്രോളിംഗ് സംഘം, ദുബായ് പോലീസ് എയർ വിംഗ്, നാഷണൽ ആംബുലൻസ് എയർ യൂണിറ്റ്, നാഷണൽ ഗാർഡ് പട്രോൾ, മറ്റ് ആംബുലൻസ് ജീവനക്കാർ എന്നിവരടങ്ങുന്ന വലിയൊരു സംഘം രക്ഷാപ്രവർത്തനത്തിനായി മലനിരകളിലേക്ക് തിരിച്ചു.
അപകടത്തിൽപ്പെട്ടയാൾ നൽകിയ ലൊക്കേഷൻ കൃത്യമല്ലാതിരുന്നതും ഹത്തയിലെ കുത്തനെയുള്ള മലഞ്ചെരിവുകളും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയതായി ബ്രിഗേഡിയർ അൽ കെത്ബി വ്യക്തമാക്കി. എന്നാൽ പ്രതികൂല സാഹചര്യങ്ങളിലും തിരച്ചിൽ തുടർന്ന രക്ഷാപ്രവർത്തകർ രണ്ട് ദിവസത്തിന് ശേഷം ഇയാളെ കണ്ടെത്തുകയും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ദുബായ് പോലീസ് ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓരോ വർഷവും വൻതോതിൽ സന്ദർശകർ എത്തുന്ന ഹത്തയിലെ മലനിരകൾ, താഴ്‌വരകൾ, ഡാമുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ ഹത്ത പോലീസ് പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുർഘടമായ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും രക്ഷാപ്രവർത്തന ഉപകരണങ്ങളും ഘടിപ്പിച്ച വാഹനങ്ങളാണ് പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം ഭൂപ്രകൃതികളിൽ രക്ഷാപ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. മലനിരകളിലോ താഴ്‌വരകളിലോ എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ പെട്ടുപോയാൽ പൊതുജനങ്ങൾ ഉടൻ തന്നെ 999 എന്ന നമ്പറിലോ ദുബായ് പോലീസ് സ്മാർട്ട് ആപ്പിലെ SOS ഫീച്ചർ വഴിയോ സഹായം തേടണമെന്ന് ബ്രിഗേഡിയർ അൽ കെത്ബി അഭ്യർത്ഥിച്ചു.