
January 7 as Zayed the Founder Day : രാജ്യത്തിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ പൈതൃകവും സംഭാവനകളും ആദരിക്കാൻ പുതിയ വാർഷിക ദേശീയ ദിനം
ദുബായ്: യുഎഇയിൽ ജനുവരി 7 ഇനി മുതൽ ‘സായിദ് ദി ഫൗണ്ടർ ഡേ’ ആയി ആചരിക്കും. അടുത്ത വർഷം മുതൽ ഈ ദിനം രാജ്യത്തിന്റെ സ്ഥാപക പിതാവായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്നതിനായി മാറ്റിവെക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. ഷെയ്ഖ് സായിദിന്റെ ദീർഘകാല പൈതൃകം ആഘോഷിക്കാനും അദ്ദേഹത്തിന്റെ ദർശനങ്ങളും മൂല്യങ്ങളും പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകാനുമാണ് പുതിയ ദേശീയ ദിനാചരണം ലക്ഷ്യമിടുന്നത്.
യുഎഇയുടെ ഐക്യരാഷ്ട്ര രൂപീകരണത്തിന് നേതൃത്വം നൽകുകയും രാജ്യത്തിന്റെ അടിത്തറ പാകുകയും വികസനത്തിന് വഴിയൊരുക്കുകയും ചെയ്ത നേതാവാണ് ഷെയ്ഖ് സായിദ്. ദീർഘവീക്ഷണം, ഉദാരമനസ്കത, മനുഷ്യസേവനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അടയാളപ്പെടുത്തിയ പ്രധാന മൂല്യങ്ങളെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയിൽ ഈ മൂല്യങ്ങൾ വരുംതലമുറകൾക്കും പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് ജനുവരി 7 പുതിയ വാർഷിക ദേശീയ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.