
Kuwait fraud reports : കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മാർഗങ്ങളിലൂടെ ലഭിച്ച 621 തട്ടിപ്പ് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.
വെബ്സൈറ്റുകൾ വഴി 276 കേസുകളും സോഷ്യൽ മീഡിയയിലൂടെ 163 കേസുകളും ഫോൺ കോളുകൾ വഴി 104 കേസുകളും വാട്സ്ആപ്പിലൂടെ 76 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ടെക്സ്റ്റ് സന്ദേശങ്ങൾ വഴി രണ്ട് കേസുകളും ലഭിച്ചു.
സംശയാസ്പദമായ സന്ദേശങ്ങൾ, ലിങ്കുകൾ, ഫോൺ കോളുകൾ എന്നിവ അധികൃതരെ അറിയിക്കണമെന്ന് സിട്ര പൊതുജനങ്ങളോട് അഭ്യർഥിച്ചു. വിശ്വാസമില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും മുന്നറിയിപ്പ് നൽകി.
ഫ്രീക്വൻസി നിരീക്ഷണ സംവിധാനം വികസിപ്പിക്കാൻ സിട്ര
അതേസമയം, ഫ്രീക്വൻസി സ്പെക്ട്രം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സിട്രയുടെ ഫീൽഡ് മോണിറ്ററിംഗ് വിഭാഗം ജർമനിയിൽ സാങ്കേതിക സന്ദർശനം നടത്തി.
ഒക്ടോബർ 19 മുതൽ 21 വരെ ജർമനിയിലെ റോഹ്ഡെ ആൻഡ് ഷ്വാർസ് കമ്പനിയുടെ നിർമാണ കേന്ദ്രത്തിലായിരുന്നു സന്ദർശനം. ഫ്യൂച്ചർ ഇന്റഗ്രേറ്റഡ് ടെക്നോളജി ഫോർ ടെലികമ്മ്യൂണിക്കേഷൻസ് എക്യുപ്മെന്റ് കമ്പനിയുടെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
മൊബൈൽ വയർലെസ് നിരീക്ഷണ സ്റ്റേഷനുകൾ പരിശോധിക്കുകയും അവയിലെ സാങ്കേതിക ഉപകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഉപകരണങ്ങൾ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള ഫ്രീക്വൻസി ഉപയോഗം കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.