
ADHD in Children ദോഹ: കുട്ടികളിൽ ശ്രദ്ധക്കുറവും അമിതമായ ചുറുചുറുക്കും ആവേശം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന എഡിഎച്ച്ഡി (ADHD) നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഉചിതമായ ചികിത്സയും പഠനപിന്തുണയും ഉറപ്പാക്കാൻ രക്ഷിതാക്കളും പരിചാരകരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
ശ്രദ്ധക്കുറവും അമിതമായ പ്രവർത്തനശേഷിയും ആവേശപരമായ പെരുമാറ്റവും ഉൾപ്പെടുന്ന ന്യൂറോഡെവലപ്മെന്റൽ അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). കുട്ടിക്കാലത്ത് ആരംഭിക്കുന്ന ഈ അവസ്ഥ കുട്ടികളുടെ ഏകാഗ്രത, ജോലികൾ ക്രമീകരിച്ചുനടത്താനുള്ള കഴിവ്, പെരുമാറ്റത്തിലെ നിയന്ത്രണം, പ്രവർത്തനനില എന്നിവയെ ബാധിച്ചേക്കാം.
ഓരോ കുട്ടിയിലും എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. ചില കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പ്രധാന ലക്ഷണമാകുമ്പോൾ മറ്റുചിലരിൽ അമിതമായ ചുറുചുറുക്ക്, ആലോചിക്കാതെ പ്രവർത്തിക്കുന്ന സ്വഭാവം എന്നിവ പ്രകടമാകാം. ചിലരിൽ ഈ ലക്ഷണങ്ങളെല്ലാം ഒരുമിച്ചും കാണപ്പെടാം.
കുട്ടികളുടെ കഴിവുകൾ തിരിച്ചറിയണം
പഠനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നതുകൊണ്ട് കുട്ടികളുടെ കഴിവുകൾ പരിമിതമാണെന്ന് കരുതരുതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓരോ കുട്ടിയുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള പഠനരീതികളും പിന്തുണയും ലഭ്യമാക്കേണ്ടത് പ്രധാനമാണ്. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം.
കുട്ടികളുടെ പെരുമാറ്റം മനസ്സിലാക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നിർദേശങ്ങൾ ലളിതമായും വ്യക്തമായും നൽകുക, ദിവസേന പിന്തുടരാവുന്ന കൃത്യമായ ദിനചര്യ രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സഹായകരമാണ്. കുട്ടികളുടെ പെരുമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം രക്ഷിതാക്കൾക്കും പ്രയോജനപ്പെടും.
ചികിത്സ ഓരോ കുട്ടിയുടെയും ആവശ്യങ്ങൾക്കനുസരിച്ച്
വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എഡിഎച്ച്ഡിക്കുള്ള ചികിത്സാ പദ്ധതി തീരുമാനിക്കുന്നത്. രക്ഷിതാക്കൾക്കുള്ള പരിശീലനം, പെരുമാറ്റത്തിലെ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ, സ്കൂളിൽനിന്നുള്ള പിന്തുണ എന്നിവ ചികിത്സയുടെ ഭാഗമാകാം. ആവശ്യമായ സാഹചര്യങ്ങളിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നുകളും നൽകാം.
ചികിത്സ ആരംഭിച്ചതിനുശേഷവും കുട്ടിയുടെ പുരോഗതി വിലയിരുത്തുന്നതിനും ചികിത്സയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പതിവായ തുടർപരിശോധനകൾ പ്രധാനമാണ്. കുട്ടിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ചികിത്സയും പിന്തുണയും ക്രമീകരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
എപ്പോൾ വിദഗ്ധ സഹായം തേടണം?
കുട്ടികളിലെ ശ്രദ്ധക്കുറവ്, അമിതമായ ചുറുചുറുക്ക്, ആവേശം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തുടർച്ചയായി കാണപ്പെടുകയും പഠനം, സാമൂഹികബന്ധങ്ങൾ, ദൈനംദിന ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ വിദഗ്ധ സഹായം തേടണം.
കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് വീട്ടിൽനിന്നും സ്കൂളിൽനിന്നും ലഭിക്കുന്ന നിരീക്ഷണങ്ങൾ വിലയിരുത്തിയുള്ള സമഗ്ര പരിശോധനയാണ് ആവശ്യമായതെന്ന് മന്ത്രാലയം നിർദേശിച്ചു. നേരത്തെയുള്ള തിരിച്ചറിയലും അനുയോജ്യമായ പിന്തുണയും കുട്ടികളുടെ പുരോഗതിക്ക് സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.