
Second-Semester Admissions Open at Kuwait Universityകുവൈത്ത് സിറ്റി: 2026–2027 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള പ്രവേശന അപേക്ഷകൾ ഡിസംബർ 16 മുതൽ സ്വീകരിക്കുമെന്ന് കുവൈത്ത് സർവകലാശാല അറിയിച്ചു. ഡിസംബർ 23 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. സർവകലാശാലയിലെ ആക്ടിങ് ഡീൻ ഓഫ് അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ഡോ. ഫാദൽ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് പൗരന്മാർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും നിശ്ചിത യോഗ്യതകൾ പാലിക്കുന്ന പക്ഷം അപേക്ഷിക്കാം. ഏകീകൃത സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായം, മതപഠന സ്ഥാപനങ്ങൾ, അമേരിക്കൻ, ഇംഗ്ലീഷ് സ്കൂൾ സംവിധാനങ്ങൾ എന്നിവയിൽനിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹത. ഇംഗ്ലീഷ് സ്കൂളുകളിൽ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർ കുവൈത്തിലെ സ്കൂളുകളിൽ പഠിക്കുന്നവരായിരിക്കണം.
പ്രവേശനത്തിന് കുറഞ്ഞത് എത്ര ശതമാനം വേണം?
കുവൈത്ത് വിദ്യാർഥികൾക്ക് സർവകലാശാലയിലെ വിവിധ കോളജുകളിലേക്കുള്ള പ്രവേശനം ഓരോ വിഷയത്തിനും നിശ്ചയിച്ച തത്തുല്യ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. അക്കാദമിക് അഭിരുചി പരീക്ഷയിലെ മാർക്കും സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റിലെ ശരാശരി മാർക്കും പരിഗണിച്ചാണ് സ്കോർ കണക്കാക്കുന്നത്. എന്നാൽ സയൻസ് കോളജിലേക്കുള്ള പ്രവേശനം സെക്കൻഡറി പരീക്ഷയിലെ ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകർക്ക് സയൻസ് വിഭാഗത്തിൽ കുറഞ്ഞത് 70 ശതമാനവും ആർട്സ് വിഭാഗത്തിൽ 78 ശതമാനവും മാർക്ക് ഉണ്ടായിരിക്കണം. ഇതിനു പുറമെ സർവകലാശാലയുടെ മറ്റ് പ്രവേശന നിബന്ധനകളും പാലിക്കണം. നിശ്ചയിച്ച കുറഞ്ഞ മാർക്കിൽ താഴെയുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ഇളവ്
യോഗ്യതയുള്ള കുവൈത്ത് ഭിന്നശേഷി വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്കിൽ ഇളവുണ്ട്. സയൻസ് വിഭാഗത്തിൽ 65 ശതമാനവും ആർട്സ് വിഭാഗത്തിൽ 72 ശതമാനവുമാണ് ഇവർക്കുള്ള കുറഞ്ഞ മാർക്ക് പരിധി. മറ്റ് പ്രവേശന നിബന്ധനകളും ഇവർ പാലിക്കണം.
ഓൺലൈനായി അപേക്ഷിക്കാം
അർഹരായ വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഇലക്ട്രോണിക് അഡ്മിഷൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ ലിങ്ക്: http://portal.ku.edu.kw/admission
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നൽകിയ വിവരങ്ങളും ആവശ്യമായ രേഖകളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിദ്യാർഥികളുടെ സെക്കൻഡറി സർട്ടിഫിക്കറ്റിന്റെയും അപേക്ഷാ വിഭാഗത്തിന്റെയും അടിസ്ഥാനത്തിൽ ആവശ്യമായ രേഖകൾ വ്യത്യാസപ്പെടാം.
ആവശ്യമായ രേഖകൾ സമർപ്പിക്കാതിരിക്കുകയോ പ്രവേശനത്തിന് അടിസ്ഥാനമായ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തുകയോ ചെയ്താൽ പ്രവേശനം റദ്ദാക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രവേശനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കണം. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അവസാന തീയതിക്കുശേഷം അപേക്ഷകൾ സ്വീകരിക്കില്ലെന്നും സർവകലാശാല അറിയിച്ചു.