
Buildings Being Demolished കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ നിയമലംഘനം നടത്തിയതും അപകടാവസ്ഥയിലുള്ളതുമായ 263 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടി കുവൈത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു. കെട്ടിട ഉടമകൾക്ക് നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ട് പൊളിച്ചുനീക്കൽ നടപടികളിലേക്ക് കടന്നത്. പ്രദേശത്തെ കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നടപടി.
കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയും ഉടമകൾക്ക് ഔദ്യോഗിക ഗസറ്റിലൂടെ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ സ്വമേധയാ പൊളിച്ചുനീക്കൽ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 263 കെട്ടിടങ്ങൾ പൊളിക്കുന്നത്.
മുനിസിപ്പാലിറ്റി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പൊളിച്ചുനീക്കൽ നടപടികൾ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 263 കെട്ടിടങ്ങളുടെ പൊളിക്കൽ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ 494 കെട്ടിടങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന്റെ അംഗീകാരം ലഭിക്കുന്നതോടെ മൂന്നാഴ്ചയ്ക്കകം ഇവയുടെ പൊളിച്ചുനീക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തേണ്ട കെട്ടിടങ്ങളുടെ കാര്യത്തിൽ പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നുള്ള സാങ്കേതിക റിപ്പോർട്ടുകളും വിശദമായ വിവരങ്ങളും ലഭിക്കാനുണ്ട്. രേഖകൾ ലഭിച്ചശേഷം അവയും നടപടിക്രമങ്ങളുടെ സമയക്രമത്തിൽ ഉൾപ്പെടുത്തും.
പൊളിച്ചുനീക്കലിന്റെ ചെലവ് ഉടമകൾ വഹിക്കണം
നിയമലംഘനം നടത്തിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെയും മുഴുവൻ ചെലവും ബന്ധപ്പെട്ട കെട്ടിട ഉടമകൾ വഹിക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന്റെ നിലകളുടെ എണ്ണം, ആകെ വിസ്തീർണം, ആവശ്യമായ യന്ത്രസാമഗ്രികൾ, അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നതിനുള്ള ദൂരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ചെലവ് കണക്കാക്കുക.
ജലീബ് അൽ ഷുയൂഖ് മേഖലയിലെ കെട്ടിടനിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനും അപകടസാധ്യതയുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ ഘട്ടംഘട്ടമായി തുടരുമെന്നാണ് റിപ്പോർട്ട്. നിയമപരമായ നടപടിക്രമങ്ങളും സാങ്കേതിക പരിശോധനകളും പൂർത്തിയാകുന്ന മുറയ്ക്ക് തുടർന്നുള്ള കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും നടപ്പാക്കും.