
Qatar Post My Box service : ദോഹ: വീട്ടിൽ ആളില്ലെങ്കിലും പാഴ്സലുകൾ സുരക്ഷിതമായി സ്വീകരിക്കാൻ സഹായിക്കുന്ന ‘മൈ ബോക്സ്’ സേവനം ആരംഭിച്ച് ഖത്തർ പോസ്റ്റ്. ഡെലിവറി സമയത്ത് വീട്ടിൽ ആരും ഇല്ലാത്ത സാഹചര്യത്തിലും ഷിപ്പ്മെന്റുകൾ സ്വീകരിക്കാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ഉപഭോക്താവിന്റെ വിലാസത്തിൽ സ്ഥാപിക്കുന്ന പ്രത്യേക സുരക്ഷിത ബോക്സ് വഴിയാണ് പാഴ്സലുകൾ സ്വീകരിക്കാനാകുക. ഡെലിവറി പൂർത്തിയായാൽ ഉടൻ അറിയിപ്പ് ലഭിക്കും. കൂടാതെ, 24 മണിക്കൂറും ബോക്സ് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് തങ്ങൾക്ക് അനുയോജ്യമായ സമയത്ത് പാഴ്സലുകൾ കൈപ്പറ്റാം.
വൈദ്യുതിയും ഇന്റർനെറ്റും ആവശ്യമില്ല
വൈദ്യുതി കണക്ഷനോ ഇന്റർനെറ്റ് കണക്ഷനോ താക്കോലുകളോ ആവശ്യമില്ലാതെ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ‘മൈ ബോക്സ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ബോക്സിനും സുരക്ഷിതവും പ്രത്യേകവുമായ പ്രവേശന സൗകര്യമുണ്ട്.
എന്നാൽ, സേവനം എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലഭ്യമാകണമെന്നില്ല. ഇതിന് അർഹതയുള്ള വീടുകളെയും സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഖത്തർ പോസ്റ്റ് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ സൗകര്യപ്രദമായ ഡെലിവറി സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പാഴ്സലുകൾ സ്വീകരിക്കുന്നതിനായി വീട്ടിൽ കാത്തിരിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഷിപ്പ്മെന്റ് ഡെലിവറി കൂടുതൽ എളുപ്പമാക്കാനും ‘മൈ ബോക്സ്’ സഹായിക്കുമെന്നാണ് പ്രതീക്ഷ.