
Qatar Botox and filler regulations : ദോഹ: ഖത്തറിൽ ശസ്ത്രക്രിയയില്ലാത്ത സൗന്ദര്യവർധക ചികിത്സകൾ നടത്തുന്ന ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും ആരോഗ്യസ്ഥാപനങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ബോട്ടോക്സ്, കോസ്മെറ്റിക് ഡെർമൽ ഫില്ലർ തുടങ്ങിയ ചികിത്സകൾ സുരക്ഷിതമായി നടത്തുന്നതിനും ആരോഗ്യപ്രവർത്തകരുടെ യോഗ്യതയും പരിശീലനവും ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ.
ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സ്പെഷ്യാലിറ്റി വിഭാഗം പുറത്തിറക്കിയ സർക്കുലർ നമ്പർ DHP/2026/39 പ്രകാരമാണ് പുതിയ മാനദണ്ഡങ്ങൾ. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ലൈസൻസുള്ള ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും ഖത്തറിലെ ആരോഗ്യസ്ഥാപനങ്ങൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്.
ഡോക്ടർമാരുടെ യോഗ്യതയും പരിശീലനവും പരിശോധിക്കും
ശസ്ത്രക്രിയയില്ലാത്ത സൗന്ദര്യവർധക ചികിത്സകൾ നടത്താൻ ആവശ്യമായ യോഗ്യതകൾ, പരിശീലനം, പ്രൊഫഷണൽ അംഗീകാരം എന്നിവ വ്യക്തമാക്കുന്ന സമഗ്രമായ നിയന്ത്രണ ചട്ടക്കൂടാണ് പുതിയ മാനദണ്ഡത്തിലൂടെ നടപ്പാക്കുന്നത്.
ഓരോ വിഭാഗത്തിൽപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും നടത്താൻ അനുമതിയുള്ള ചികിത്സകളും നടപടിക്രമങ്ങളും പ്രത്യേകം നിർവചിച്ചിട്ടുണ്ട്. ഇതിലൂടെ രോഗികളുടെ സുരക്ഷ വർധിപ്പിക്കാനും ഖത്തറിലെ ആരോഗ്യപരിചരണ രംഗത്ത് ഉയർന്ന നിലവാരം നിലനിർത്താനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
എല്ലാ ആരോഗ്യപ്രവർത്തകരും സ്ഥാപനങ്ങളും പുതിയ മാനദണ്ഡങ്ങൾ വിശദമായി പരിശോധിച്ച് അതിലെ നിബന്ധനകൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ബോട്ടോക്സ്, ഫില്ലർ ചികിത്സകൾക്ക് പ്രത്യേക നിയന്ത്രണം
പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വരുന്നതോടെ ബോട്ടോക്സ്, കോസ്മെറ്റിക് ഡെർമൽ ഫില്ലർ ചികിത്സകൾക്കുള്ള അനുമതികളുമായി ബന്ധപ്പെട്ട് ആരോഗ്യ സ്പെഷ്യാലിറ്റി വിഭാഗം നേരത്തേ പുറപ്പെടുവിച്ചിരുന്ന സർക്കുലറുകൾ, മാർഗനിർദേശങ്ങൾ, ആഭ്യന്തര നയങ്ങൾ എന്നിവയ്ക്ക് പകരമായി പുതിയ ചട്ടങ്ങൾ ബാധകമാകും.
നേരത്തേ ബോട്ടോക്സ്, ഫില്ലർ ചികിത്സകൾ നടത്താൻ അനുമതി ലഭിച്ചിട്ടുള്ള ഡോക്ടർമാരും ദന്തഡോക്ടർമാരും പുതിയ മാനദണ്ഡത്തിൽ നിർവചിച്ചിട്ടുള്ള വിഭാഗീകരണവും യോഗ്യതാ നിബന്ധനകളും പാലിക്കണം.
അനുവദിച്ച പരിധിക്ക് പുറത്തുള്ള ചികിത്സകൾക്ക് വിലക്ക്
ആരോഗ്യപ്രവർത്തകർക്ക് ലഭിച്ചിട്ടുള്ള പ്രൊഫഷണൽ അനുമതിയുടെ പരിധിയിൽപ്പെടാത്ത ചികിത്സകൾ നടത്താൻ പാടില്ല. അതുപോലെ, അവർ ഉൾപ്പെടുന്ന വിഭാഗത്തിന് അംഗീകരിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ പട്ടികയിൽ ഇല്ലാത്ത ചികിത്സകളും നടത്താൻ കഴിയില്ല.
സർക്കുലർ പുറത്തിറക്കിയ തീയതി മുതൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ സൗന്ദര്യവർധക ചികിത്സകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ കൂടുതൽ വ്യക്തമായി നിർവചിക്കാനും പുതിയ നടപടി ലക്ഷ്യമിടുന്നു.