
Qatar Hajj registration : ദോഹ: ഖത്തറിൽനിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20ന് അവസാനിക്കും. അപേക്ഷകർ ഔദ്യോഗിക ഹജ്ജ് പോർട്ടലായ hajj.gov.qa വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ഖത്തറിൽനിന്ന് 4,400 പേർക്കാണ് തീർത്ഥാടനത്തിന് ക്വോട്ട അനുവദിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളിലും പേയ്മെന്റ് രീതികളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
ഖത്തർ പൗരന്മാരായ അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. ഒരു അപേക്ഷയിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം.
ഖത്തറിലെ താമസക്കാർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഇവർക്ക് കുറഞ്ഞത് 45 വയസ്സ് പ്രായമുണ്ടായിരിക്കണം. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവരും തുടർച്ചയായി 15 വർഷമായി ഖത്തറിൽ താമസിക്കുന്നവരുമായിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് കൂടെ ഒരാളെ അനുഗാമിയായി ഉൾപ്പെടുത്താനും അവസരമുണ്ട്.
തിരഞ്ഞെടുപ്പും അറിയിപ്പും
ഒക്ടോബർ 20ന് രജിസ്ട്രേഷൻ അവസാനിച്ചശേഷം അപേക്ഷകളുടെ ഓൺലൈൻ പരിശോധനയും തിരഞ്ഞെടുപ്പ് നടപടികളും ആരംഭിക്കും. അപേക്ഷകൾ പരിശോധിച്ചശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ അവസാനത്തോടെ എസ്.എം.എസ് വഴി അറിയിപ്പ് നൽകും.
മെഡിക്കൽ പരിശോധന നിർബന്ധം
സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് അപേക്ഷകർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണം. ഇതിനായി ഖത്തറിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ ഓൺലൈനായി ഹജ്ജ് രജിസ്ട്രേഷൻ സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കും.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെട്ട വകുപ്പിന്റെ 132 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം.