
Qatar National Sport Day : ദോഹ: ഖത്തറിന്റെ ദേശീയ കായികദിനമായ 2027 ഫെബ്രുവരി 9 റമദാൻ മാസത്തിലായിരിക്കുമെന്ന് ദേശീയ കായികദിന കമ്മിറ്റി അറിയിച്ചു. ‘റമദാൻ… സുവർണാവസരം’ എന്ന പ്രമേയത്തിലാണ് അടുത്ത വർഷത്തെ കായികദിന പരിപാടികൾ സംഘടിപ്പിക്കുന്നത്.
റമദാൻ കാലയളവിലും ശാരീരിക പ്രവർത്തനങ്ങൾക്കും ആരോഗ്യകരമായ ജീവിതശൈലിക്കും പ്രാധാന്യം നൽകണമെന്ന സന്ദേശമാണ് ഈ പ്രമേയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റമദാൻ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനുള്ള അവസരമായി ഉപയോഗിക്കണമെന്നും ദേശീയ കായികദിന കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ദോസരി വ്യക്തമാക്കി.
രണ്ട് സമയങ്ങളിലായി കായിക പരിപാടികൾ
ദേശീയ കായികദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ രണ്ട് സമയങ്ങളിലായാണ് നടത്തുക.
- ഇഫ്താറിന് മുമ്പ്: വൈകിട്ട് 3 മുതൽ 5 വരെ.
- തറാവീഹ് നമസ്കാരത്തിന് ശേഷം: രാത്രി 9 മുതൽ 11.30 വരെ.
റമദാനിലെ നോമ്പിന്റെയും പ്രാർഥനകളുടെയും സമയക്രമം പരിഗണിച്ചാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
സ്ഥാപനങ്ങൾക്ക് മുന്നൊരുക്കം നടത്താൻ അവസരം
ദേശീയ കായികദിന പരിപാടികൾ സംഘടിപ്പിക്കുന്നതിനായി മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മതിയായ സമയം നൽകുകയാണ് പ്രഖ്യാപനം നേരത്തേ നടത്തിയതിന്റെ ലക്ഷ്യമെന്ന് അൽ ദോസരി പറഞ്ഞു.
ദേശീയ കായികദിന കമ്മിറ്റിയുടെ ചട്ടങ്ങളും നിർദേശങ്ങളും പാലിച്ചായിരിക്കണം സ്ഥാപനങ്ങൾ പരിപാടികൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യേണ്ടത്.
റമദാൻ മാസത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരികക്ഷമത നിലനിർത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും 2027ലെ ദേശീയ കായികദിനം ലക്ഷ്യമിടുന്നു.