
UAE Weather Alert:ദുബായ്: യുഎഇയിൽ കാലാവസ്ഥയിൽ അസ്ഥിരത തുടരുന്നതിനിടെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും. പെട്ടെന്നുണ്ടാകാവുന്ന ശക്തമായ മഴയുടെയും മിന്നൽ പ്രളയത്തിന്റെയും സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രമായ എൻസിഎം (NCM) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഷാർജയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്തത്. അൽ ദൈദ്, വാഷാ, മ്ലൈഹ എന്നിവിടങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ ആലിപ്പഴം വീണ് റോഡുകളും പരിസരങ്ങളും മൂടിയതായും റിപ്പോർട്ടുകളുണ്ട്. റാസൽഖൈമയിലെ ഷൗക്കയിലും ഫുജൈറയിലെ സിജി, താവിയാൻ മേഖലകളിലും മഴ ലഭിച്ചു.
രാത്രി 10 വരെ ജാഗ്രതാ നിർദേശം
ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 10 വരെ ശക്തമായ മഴയ്ക്ക് കാരണമാകാവുന്ന കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്കൻ മേഖലകളിലെ വിവിധ പ്രദേശങ്ങളിലും റാസൽഖൈമ മുതൽ ഫുജൈറ വരെയുള്ള ഭാഗങ്ങളിലും ഹജർ പർവതനിരകളിലും മഞ്ഞ ജാഗ്രതാ നിർദേശമാണ് നിലവിലുള്ളത്.
കിഴക്കൻ മേഖലയിലെ ചില പർവതപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ശക്തമായ മഴ, ആലിപ്പഴ വീഴ്ച, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പൊടിക്കാറ്റും കാഴ്ചപരിധി കുറയുന്നതും ഗതാഗതത്തെ ബാധിച്ചേക്കാം.
പർവതപ്രദേശങ്ങളിൽ മിന്നൽ പ്രളയ സാധ്യത
ചില പർവതപ്രദേശങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെ മിന്നൽ പ്രളയ മുന്നറിയിപ്പും നൽകിയിരുന്നു. മഴക്കാലത്ത് വാദികൾ, താഴ്വരകൾ, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.
വാരാന്ത്യത്തിലും മഴ തുടർന്നേക്കും
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വാരാന്ത്യത്തിലും തിങ്കളാഴ്ച വരെയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചകഴിഞ്ഞ് മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്.
വാഹനയാത്രക്കാർ ശ്രദ്ധിക്കുക
മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുകയും വേണം. വെള്ളം കയറിയ റോഡുകളിലൂടെയും താഴ്വരകളിലൂടെയും വാഹനം ഓടിക്കരുത്. മിന്നൽ പ്രളയ മുന്നറിയിപ്പുള്ള പർവതപ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയുള്ളിടങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരാനും അധികൃതർ നിർദേശിച്ചു.