ദുബൈ: മധ്യപൂര്‍വദേശത്തെ സുരക്ഷാ സാഹചര്യം തുടരുന്നതിനിടെ യു.എ.ഇയില്‍നിന്നുള്ള വ്യോമഗതാഗതം പൊതുവെ സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും ചില ഗള്‍ഫ് റൂട്ടുകളില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ അവസാന നിമിഷം വരെ വിമാന സമയക്രമത്തില്‍ മാറ്റം, കാലതാമസം, റദ്ദാക്കല്‍ എന്നിവ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും ഏറ്റവും പുതിയ അറിയിപ്പുകള് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഒമാന്‍ തീരത്ത് അല്‍ ഖസബിന് വടക്കുകിഴക്കായി 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലില്‍ അജ്ഞാത വസ്തു ചരക്കുകപ്പലില്‍ പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തതും മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തെ ആക്രമണമെന്നാണ് യുകെഎംടിഒ വിശേഷിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എമിറേറ്റ്സ്
ദുബൈയില്‍നിന്നുള്ള താഴെപ്പറയുന്ന സര്‍വീസുകള്‍ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു:
* EK823 : ദുബൈ – ദമ്മാം
* EK835 : ദുബൈ-ബഹ്റൈന്‍
* EK837 : ദുബൈ-ബഹ്റൈന്‍
* EK839 : ദുബൈ-ബഹ്റൈന്‍
* EK853 : ദുബൈ-കുവൈത്ത്
* EK855 : ദുബൈ-കുവൈത്ത്
* EK857 : ദുബൈ-കുവൈത്ത്
* EK859 : ദുബൈ-കുവൈത്ത്
യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് എമിറേറ്റ്സിന്റെ ഔദ്യോഗിക അറിയിപ്പുകള് പരിശോധിക്കണം.
ഇത്തിഹാദ്
അബൂദബി-കുവൈത്ത് റൂട്ടിലെ സര്‍വീസുകളും ഇത്തിഹാദ് റദ്ദാക്കിയിട്ടുണ്ട്.
* EY653 : അബൂദബി-കുവൈത്ത്
* EY654 : കുവൈത്ത്-അബൂദബി
അബൂദബി-ബഹ്റൈന്‍ സര്‍വീസുകളും പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ റദ്ദാക്കിയിരിക്കുകയാണ്. അബൂദബി–കുവൈത്ത് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്ന തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
ഫ്ലൈദുബൈ
ദുബൈ-ബഹ്റൈന്‍ റൂട്ടിലെ FZ027 സര്‍വീസ് ഫ്ലൈദുബൈ റദ്ദാക്കി.
എയര്‍ അറേബ്യ
ഷാര്‍ജ, അബൂദബി എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ എയര്‍ അറേബ്യയും നിര്‍ത്തിവച്ചിട്ടുണ്ട്.
റദ്ദാക്കിയ സര്‍വീസുകള്‍:
* G9068 : ഷാര്‍ജ-കുവൈത്ത്
* G9124 : ഷാര്‍ജ-കുവൈത്ത്
* G9107 : ഷാര്‍ജ-ബഹ്റൈന്‍
* G9195 : ഷാര്‍ജ-അബ്ഹ
* G9081 : ഷാര്‍ജ-ദോഹ
* G9138 : ഷാര്‍ജ-ദോഹ
* 3L020 : അബൂദബി-കുവൈത്ത്
മറ്റ് ഗള്‍ഫ് വിമാനക്കമ്പനികള്‍
ബഹ്റൈന്‍, ഇര്‍ബില്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 7 വരെ ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സാങ്കേതിക പ്രശ്നങ്ങളും താല്‍ക്കാലിക വ്യോമപാത നിയന്ത്രണങ്ങളും കാരണം ഒമാന്‍ എയറിന്റെ ചില സര്‍വീസുകളിലും കാലതാമസവും റദ്ദാക്കലും തുടരുകയാണ്. ബാധിക്കപ്പെട്ട യാത്രക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെടുന്നുണ്ട്.
ജസീറ എയര്‍വേയ്സ് പുതുക്കിയ പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മുമ്പ് വിമാനത്താവളത്തിലെത്തേണ്ടതില്ലെന്നും യാത്രക്കാരോട് നിര്‍ദേശിച്ചു.
അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകള്‍ വെട്ടിക്കുറച്ചു
എയര്‍ ഫ്രാന്‍സ് ദുബൈ, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 18 വരെയും റിയാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 14 വരെയും നിര്‍ത്തിവച്ചു.
ലുഫ്താന്‍സ ഗ്രൂപ്പ് ദുബൈ, അബൂദബി, ബഹ്റൈന്‍, റിയാദ്, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, കാതേ പസഫിക്, ഫിന്നെയര്‍, ഐ.ടി.എ എയര്‍വേയ്സ് എന്നിവ ദുബൈ സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. തുര്‍ക്കിഷ് എയര്‍ലൈന്‍സ് ദുബൈ, അബൂദബി സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇറാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യു.എ.ഇ വിമാനത്താവളങ്ങളില്‍നിന്ന് യാത്ര ചെയ്യുന്നവര്‍:
* പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തുക.
* വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്ഥിതി പരിശോധിക്കുക.
* ഗതാഗതക്കുരുക്ക്, ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, എമിഗ്രേഷന്‍ എന്നിവയ്ക്കായി അധിക സമയം അനുവദിക്കുക.
* സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ചെക്ക്ഇന്‍, വിമാനക്കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ എന്നിവ ഉപയോഗിക്കുക.
* വിമാന സമയത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള് ലഭിക്കുന്നതിന് ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പുതുക്കി നല്‍കുക.
മേഖലയിലെ സുരക്ഷാ സാഹചര്യവും വ്യോമപാത നിയന്ത്രണങ്ങളും മാറുന്നതിനനുസരിച്ച് വിമാന സര്‍വീസുകളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ യാത്രയ്ക്ക് തൊട്ടുമുമ്പും വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.