Celebrating 77th birthday of Sheikh Mohammed ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായത് 22-ാം വയസ്സില്‍, ഇന്ന് ലോകം ആദരിക്കുന്ന ഭരണാധികാരി; പ്രവാസികളെ ചേര്‍ത്തു പിടിച്ച ഷെയ്ഖ് മുഹമ്മദിന് ഇന്ന് പിറന്നാള്‍

dubai shake

Celebrating 77th birthday of Sheikh Mohammed ദുബായ്: മണലാരണ്യത്തിലെ ഒരു കൊച്ചു തുറമുഖത്തെ ആഗോള സാമ്പത്തിക-സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 77-ാം ജന്മദിനം.

ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി അസാധ്യമായതിനെ സാധ്യമാക്കിത്തീര്‍ത്ത ഒരു ജനനായകന്റെ അവിസ്മരണീയമായ പ്രയാണമാണ് ഷെയ്ഖ് മുഹമ്മദിന്റെ ജീവിതം. കഠിനാധ്വാനത്തിലൂടെയും നവീനമായ ആശയങ്ങളിലൂടെയും ദുബായ്‌യുടെ ചരിത്രത്തെയും യുഎഇയുടെ ആഗോള പദവിയെയും മാറ്റിമറിച്ച അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.

വ്യോമയാനം, വ്യാപാരം, വിനോദസഞ്ചാരം, ധനകാര്യം, സാങ്കേതികവിദ്യ, മികച്ച ഭരണം തുടങ്ങി ദുബായ്‌യുടെ വികസനത്തിനത്തിന്റെ ഓരോ സ്പന്ദനത്തിലും ഷെയ്ഖ് മുഹമ്മദ് എന്ന ദാര്‍ശനികന്റെ കയ്യൊപ്പുണ്ട്. ഭാവി അതിനായി ഒരുങ്ങുന്നവര്‍ക്കുള്ളതാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് പ്രവാസികളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളെ നയിക്കുന്നത്.

മരുഭൂമിയിലെ സ്വര്‍ണത്തരികളില്‍ വിരിഞ്ഞ ബാല്യം

ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും ഷെയ്ഖ ലത്തീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്യാന്റെയും മൂന്നാമത്തെ മകനായി 1949 ജൂലൈ 15-നാണ് ഷെയ്ഖ് മുഹമ്മദിന്റെ ജനനം. ഷിന്ദഗയിലെ ചരിത്രപ്രസിദ്ധമായ തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ഭരണാധികാരിയായിരുന്ന മുത്തശ്ശന്‍ ഷെയ്ഖ് സഈദ് ബിന്‍ മക്തൂമിന്റെ മജ്‌ലിസുകളില്‍ ഇരുന്നാണ് അദ്ദേഹം ഭരണതന്ത്രങ്ങളുടെയും ജനസേവനത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിച്ചത്. മുതിര്‍ന്നവര്‍ ഒത്തുകൂടുന്ന
ആ സദസ്സുകള്‍ ക്ഷമയുടെയും സംവാദത്തിന്റെയും വിദ്യാലയങ്ങളായി അദ്ദേഹത്തെ സ്വാധീനിച്ചു.

മാതാവ് ഷെയ്ഖ ലത്തീഫയുടെ സ്‌നേഹവും കരുതലുമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്ന് ഷെയ്ഖ് മുഹമ്മദ് തന്റെ ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തില്‍ നെഞ്ചുരുകി ഓര്‍ക്കുന്നുണ്ട്. മാതാവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് വൈകാരികമായാണ് അദ്ദേഹം കുറിച്ചത്. തന്റെ ജീവിതത്തില്‍
ഏറ്റവും അടുത്ത വ്യക്തി അമ്മയായിരുന്നുവെന്നും ആ സ്‌നേഹത്തിന് പകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം അനുസ്മരിക്കുന്നു.

സൈനിക പരിശീലനവും നേതൃത്വത്തിലേക്കുള്ള ചുവടുവയ്പും

നാലാം വയസ്സില്‍ പിതാവിന്റെ മേല്‍നോട്ടത്തില്‍ അറബിക് ഭാഷയും ഇസ്ലാമിക തത്ത്വങ്ങളും പഠിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് വിദ്യാഭ്യാസം ആരംഭിച്ചത്. അല്‍ അഹ്‌മദിയ്യ, അല്‍ ഷാബ്, ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം, രാജ്യത്തിന്റെ സുരക്ഷാ ചുമതലകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തനാക്കുന്നതിനായി പിതാവ് അദ്ദേഹത്തെ ബ്രിട്ടനിലേക്ക് അയച്ചു. കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലെ പഠനത്തിന് ശേഷം അദ്ദേഹം വിഖ്യാതമായ മോണ്‍സ് ഓഫീസര്‍ കേഡറ്റ് സ്‌കൂളില്‍ ചേര്‍ന്നു. കഠിനമായ സൈനിക പരിശീലനം പൂര്‍ത്തിയാക്കി, മികച്ച വിജയത്തോടെ ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ ബഹുമതി സ്വന്തമാക്കിയാണ് അദ്ദേഹം മടങ്ങിയെത്തിയത്.

1968-ല്‍ വെറും 19-ാം വയസ്സില്‍ അദ്ദേഹം ദുബായ് പോലീസിന്റെയും പൊതുസുരക്ഷയുടെയും തലവനായി നിയമിതനായി. അതേവര്‍ഷം ഫെബ്രുവരിയില്‍ യുഎഇയുടെ രൂപീകരണത്തിന് വഴിയൊരുക്കിയ ഷെയ്ഖ് സായിദും ഷെയ്ഖ് റാഷിദും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സാക്ഷിയായി. 1971-ല്‍ യുഎഇ സ്ഥാപിതമായപ്പോള്‍, 22-ാം വയസ്സില്‍ ഷെയ്ഖ് മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2024 വരെ നീണ്ട അഞ്ച് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.

ആധുനിക ദുബായ്‌യുടെ ശില്പി

1995-ല്‍ ദുബായ് കിരീടാവകാശിയായി നിയമിതനായതോടെയാണ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വിപ്ലവകരമായ പദ്ധതികള്‍ക്ക് തുടക്കമായത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ഇ-ഗവണ്‍മെന്റ്, ഇന്റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി തുടങ്ങിയ പദ്ധതികള്‍ ദുബായ്‌യെ സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും ഹബ്ബാക്കി മാറ്റി. ബുര്‍ജ്
ഖലീഫ തുടങ്ങിയ ലോക അത്ഭുതങ്ങള്‍ ദുബായുടെ ആകാശത്തെ അലങ്കരിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഡിപി വേള്‍ഡും ലോകോത്തര ബ്രാന്‍ഡുകളായി വളര്‍ന്നത് അദ്ദേഹത്തിന്റെ തുറന്ന ആകാശ നയത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായാണ്.

2006 ജനുവരി 4-ന് സഹോദരന്‍ ഷെയ്ഖ് മക്തൂമിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹം ദുബായ്‌യുടെ പത്താമത് ഭരണാധികാരിയായി ചുമതലയേറ്റു. തുടര്‍ന്ന് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി നിയമിതനായ അദ്ദേഹം, ഫെഡറല്‍ ഭരണത്തിലും വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ‘യുഎഇ വിഷന്‍ 2021’ ലൂടെ രാജ്യത്തെ ആഗോളതലത്തില്‍ ഒന്നാമതെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘പൗരനാണ് എപ്പോഴും ഒന്നാമതും രണ്ടാമതും മൂന്നാമതും’ എന്ന അദ്ദേഹത്തിന്റെ നയം ജനക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതായിരുന്നു.

കവിയും എഴുത്തുകാരനും കുതിരപ്പന്തയ പ്രേമിയും

ഭരണാധികാരി എന്നതിനപ്പുറം ഷെയ്ഖ് മുഹമ്മദ് മികച്ചൊരു നബ്തി കവിയും എഴുത്തുകാരനുമാണ്. തുടക്കകാലത്ത് തന്റെ പദവി നോക്കാതെ കവിതകള്‍ വിലയിരുത്തപ്പെടാന്‍ വേണ്ടി ‘നിദാവി’, ‘സുലൈത്’ എന്നീ തൂലികാനാമങ്ങളിലാണ് അദ്ദേഹം എഴുതിയിരുന്നത്. പ്രണയവും ദേശഭക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ വരികള്‍ പ്രമുഖ അറബ് ഗായകര്‍ ആലപിച്ചിട്ടുണ്ട്.

കുതിരകളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ലോകപ്രസിദ്ധമാണ്. ‘ഫാരിസ് അല്‍ അറബ്’ (അറബ് കുതിരപ്പടയാളി) എന്നറിയപ്പെടുന്ന അദ്ദേഹം 1996-ല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ കുതിരപ്പന്തയമായ ദുബായ് വേള്‍ഡ് കപ്പിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ‘ഗോഡോള്‍ഫിന്‍’ എന്ന അശ്വാരൂഢ സംഘം രാജ്യാന്തര തലത്തില്‍ നിരവധി വിജയങ്ങള്‍ കൊയ്തു. 1979-ല്‍ ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തു അല്‍ ജുമയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം വലിയ ആഘോഷത്തോടെയാണ് രാജ്യം കൊണ്ടാടിയത്. ഈ ദാമ്പത്യത്തില്‍ അവര്‍ക്ക് 16 മക്കളുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനാണ് അദ്ദേഹം എപ്പോഴും മുന്‍ഗണന നല്‍കുന്നത്.

ഷെയ്ഖ് മുഹമ്മദിന്റെ പ്രധാന പുസ്തകങ്ങള്‍

*എന്റെ കഥ -തന്റെ ജീവിതത്തിലെയും യുഎഇയുടെ ചരിത്രത്തിലെയും 50 സുപ്രധാന ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ആത്മകഥ. മാതാപിതാക്കളുടെ സ്വാധീനം, സൈനിക പരിശീലനം, രാജ്യം കെട്ടിപ്പടുത്ത വഴികള്‍ എന്നിവ ഹൃദയസ്പര്‍ശിയായി ഇതില്‍ വിവരിക്കുന്നു.
*എന്റെ ദര്‍ശനം (മൈ വിഷന്‍)- ദുബായ്‌യെ ആഗോള വികസന മാതൃകയാക്കി മാറ്റിയതിന് പിന്നിലെ ദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം. ഭരണത്തിലും വികസനത്തിലും ജനക്ഷേമത്തിന് നല്‍കേണ്ട മുന്‍ഗണനയെക്കുറിച്ച് ഇതില്‍ വ്യക്തമാക്കുന്നു.
*ഫ്‌ളാഷസ് ഓഫ് തോട്‌സ് – നേതൃപാടവം, സര്‍ഗാത്മകത, കഠിനാധ്വാനം എന്നിവയെക്കുറിച്ചുള്ള ഷെയ്ഖ് മുഹമ്മദിന്റെ ലളിതവും ശക്തവുമായ ചിന്തകളുടെ സമാഹാരം.

*സന്തോഷത്തെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ചുള്ള ചിന്തകള്‍ (റിഫ്‌ളക്ഷന്‍സ് ഓണ്‍ ഹാപ്പിനസ്സ് ആന്‍ഡ് പോസിറ്റിവിറ്റി)- ഭരണത്തിന്റെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെ സന്തോഷമായിരിക്കണമെന്ന് അടിവരയിടുന്ന പുസ്തകം. പ്രതിസന്ധികളെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനുള്ള വഴികള്‍ സ്വന്തം അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍

*മൈ ലിറ്റില്‍ വേള്‍ഡ് & റ്റു ഹീറോയിക് ലീഡേഴ്‌സ് – തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളും, യുഎഇയുടെ സ്ഥാപക നേതാക്കളുടെ പ്രചോദനാത്മകമായ ജീവിതകഥകളും വരുംതലമുറയ്ക്കായി ലളിതമായി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍.

ഷെയ്ഖ് മുഹമ്മദിന്റെ സമാനതകളില്ലാത്ത നേതൃത്വത്തിന് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ 77-ാം ജന്മദിനത്തില്‍ വേറിട്ടൊരു ഹരിത പദ്ധതിക്ക് ദുബായ് സാക്ഷ്യം വഹിക്കുകയാണ്. 77 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തുചേര്‍ന്ന് ദാമക് ഹില്‍സില്‍ പ്രകൃതിഭംഗി തുളുമ്പുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ (ഫ്‌ലെയിം ട്രീ) നട്ടുപിടിപ്പിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം ദാമക് പ്രോപര്‍ട്ടീസ് സംഘടിപ്പിക്കുന്ന ഈ ക്യാംപെയിന്‍, നഗരത്തെ പച്ചപ്പണിയിക്കാനും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കാനുമുള്ള ഷെയ്ഖ് മുഹമ്മദിന്റെ വലിയ സ്വപ്നത്തിലേക്കുള്ള പച്ചയായ ചുവടുവയ്പാണ്. നിര്‍ണായകമായ
വികസനക്കുതിപ്പിലും മാനവികതയ്ക്കും പരിസ്ഥിതിക്കും പ്രാധാന്യം നല്‍കുന്ന ഒരു വലിയ ഭരണാധികാരിയുടെ നിത്യസ്മാരകമായി ഈ മരങ്ങള്‍ ദുബായില്‍ വളര്‍ന്നു പന്തലിക്കും. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *