
യുഎഇ: 2026 മെയ് മാസത്തിൽ വലിയ മാറ്റങ്ങളാണ് പ്രവാസികളെ കാത്തിരിക്കുന്നത്. യാത്രകൾ മുതൽ ബാങ്കിംഗ് ഇടപാടുകൾ വരെ ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ ഈ മാറ്റങ്ങളിൽ യുഎഇ സാധാരണ നിലയിലേക്ക് പൂർണ്ണമായും മടങ്ങിയെത്തുന്നതിന്റെ സൂചനകൾ കൂടിയുണ്ട്. ഗതാഗത മേഖലയിൽ ചില മാറ്റങ്ങൾ വരുന്നു.യുഎഇയിലെ സൈക്കിൾ, ഇ സ്കൂട്ടർ യാത്രക്കാരെ നിരീക്ഷിക്കാൻ ദുബായ് പോലീസും ആർടിഎയും കൂടെ ചേർന്ന് ഒരു പുതിയ ‘പേഴ്‌സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ്’ എന്ന സംവിധാനം മെയ് ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
ഹെൽമെറ്റ് ധരിക്കാതിരിക്കുക, ഇ-സ്കൂട്ടർ ട്രാക്കിലൂടെ അല്ലാതെ യാത്ര ചെയ്യുക, അമിതവേഗത, ഒരാളിൽ കൂടുതൽ സ്കൂട്ടറിൽ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കടുത്ത പിഴ ചുമത്തുകയും ചെയ്യും. കൂടാതെ യാത്രക്കാർ നിർബന്ധമായും സുരക്ഷാ ഗിയറുകൾ ധരിച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചു.
ദുബായിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിനെക്കുറിച്ചാണ്. വേനൽക്കാലം കടുക്കുന്നതോടെ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ മെയ് 10 ഓടെ അവസാനിക്കുകയാണ്. പ്രവാസികൾക്ക് കുടുംബത്തോടൊപ്പം ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമേ മുന്നിലുള്ളൂ
സാധാരണ നിലയിൽ ഈ സമയം പാർക്ക് അടക്കാറില്ലെങ്കിലും കനത്ത ചൂട് കാലാവസ്ഥ കണക്കിലെടുത്താണ് ഈ മാറ്റം. കൂടാതെ മിഡിൽ ഈസ്റ്റിലെ പല പ്രതിസന്ധികളും കാരണം കഴിഞ്ഞ മാസങ്ങളിൽ പല പരിപാടികളും മാറ്റി വെച്ചിരുന്നെങ്കിൽ മെയ് മാസത്തോടെ യുഎഇ പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
ഇൻഡോർ വേദികളിലും മറ്റുമായി വലിയ കലാ-സാംസ്‌കാരിക പരിപാടികൾ മെയ് മാസം മുതൽ പുനരാരംഭിക്കുമെന്ന് ആരോയിച്ചിട്ടുണ്ട്. യുഎഇയിലെ വിനോദ സഞ്ചാര മേഖലയും ബിസിനസ്സ് മീറ്റുകളും പഴയ അതെ കരുത്തോടെ വീണ്ടും മടങ്ങിവരുന്ന കാഴ്ചയാണ് നമ്മൾ മെയ് മാസത്തിൽ കാണാൻ പോകുന്നത്.
മാർച്ചിലും ഏപ്രിലിലും കുത്തനെ ഉയർന്ന പെട്രോൾ വില മെയ് മാസത്തിൽ കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിൽ വന്ന മാറ്റങ്ങൾ യുഎഇയിലെ വിലയിലും പ്രതിഫലിക്കും. കൂടാതെഇന്ധന വില കുറയുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടാക്കാൻ ഒരുപാട് സഹായിച്ചേക്കാം.
മെയ് മാസത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ പൊതു അവധി വരികയാണ്. ഈദുൽ അദ്ഹ പ്രമാണിച്ച് മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ചേർക്കുമ്പോൾ ആറ് ദിവസത്തെ വലിയൊരു അവധിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇത് മികച്ച അവസരമാണ് നൽകുന്നത്.
മെയ് മാസം മുതൽ യുഎഇയിലെ ബാങ്കുകൾക്ക് ഉപഭോക്താക്കളുമായി വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നത് തടയാനും സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാനുമാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അറിയിപ്പുകൾ നൽകിയിരുന്നു എന്നാൽ ഈ മാസം ഇനി മുതൽ ബാങ്കുകളുടെ ഔദ്യോഗിക ആപ്പുകളോ നേരിട്ടുള്ള എസ്എംഎസ് സംവിധാനങ്ങളോ മാത്രമേ ആശയവിനിമയത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. കൂടാതെ വാട്ട്‌സ്ആപ്പ് വഴി വരുന്ന ബാങ്കിംഗ് സന്ദേശങ്ങൾ ശ്രദ്ധിക്കുകയും വേണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് പ്രമുഖ എയർലൈൻ
UAE April 30, 2026

ദുബൈ: ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കമ്പനിയുടെ നടപടി യുഎഇയിലെ പ്രവാസി മലയാളികൾക്കും മറ്റ് ഇന്ത്യൻ നിവാസികൾക്കും ആശ്വാസമാകും. നിർത്തിവെച്ചിരുന്ന നിരവധി റൂട്ടുകൾ ഏപ്രിൽ 30 മുതൽ പുനഃസ്ഥാപിച്ചതായി എയർലൈൻ അറിയിച്ചു. വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.
പശ്ചിമേഷ്യയിലുടനീളം പ്രതിദിനം 40-ലധികം വിമാന സർവീസുകളാണ് എയർലൈൻ ഇപ്പോൾ നടത്തുന്നത്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബൈ, അബുദബി, ഷാർജ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളെ കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ബെംഗളൂരു, ലഖ്‌നൗ തുടങ്ങിയ പ്രമുഖ ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ റൂട്ടുകളിലെ ഉയർന്ന യാത്രാ ആവശ്യം പരിഗണിച്ച് കൂടുതൽ സീറ്റുകളും നേരിട്ടുള്ള വിമാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ഗുണകരമാകുന്നതെങ്ങനെ?
ദക്ഷിണേന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ഉയർന്ന ഡിമാൻഡ് പരിഗണിച്ച് കൂടുതൽ നേരിട്ടുള്ള വിമാനങ്ങൾ അനുവദിച്ചിട്ടുണ്ട്. ബിസിനസ് യാത്രക്കാർക്കും അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്കും കൂടുതൽ ഓപ്ഷനുകളും സീറ്റുകളും ലഭ്യമാകും. യുഎഇക്ക് പുറമെ ഖത്തർ, ബഹ്‌റൈൻ റൂട്ടുകളിലും സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒമാൻ, സഊദി അറേബ്യ സർവീസുകൾ തടസ്സമില്ലാതെ തുടരും.
സർവീസുകൾ വർദ്ധിപ്പിക്കുമ്പോഴും വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വിമാന ഇന്ധന വില (ATF) കുതിച്ചുയർന്നത് മൂലം പ്രവർത്തന ചെലവ് 60 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിനെ ബാധിച്ചേക്കാനിടയുണ്ട്. നികുതി ഇളവുകൾ നൽകണമെന്ന് വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികളെ… അറിഞ്ഞോ..വിമാനത്തിലും ഇനി ‘ഹോം സ്പീഡ്’ ഇന്റർനെറ്റ്;അതും എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ
UAE April 28, 2026

ദുബൈ: വിമാന യാത്രക്കാർക്ക് വിപ്ലവകരമായ കണക്റ്റിവിറ്റി സൗകര്യമൊരുക്കി എമിറേറ്റ്‌സ്. ലോകപ്രശസ്ത സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർലിങ്ക്’ ഘടിപ്പിച്ച ആദ്യത്തെ എയർബസ് എ380 വിമാനം എമിറേറ്റ്‌സ് പുറത്തിറക്കി. യുകെയിലെ ന്യൂക്വേയിൽ വെച്ച് ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ വിമാനം ദുബൈയിൽ തിരിച്ചെത്തി.
ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാർലിങ്ക് സാങ്കേതികവിദ്യ വിമാനത്തിനുള്ളിൽ ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് സ്ട്രീമിംഗ്, ഗെയിമിംഗ്, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവ തടസ്സമില്ലാതെ നിർവ്വഹിക്കാനാകും. 40,000 അടി ഉയരത്തിലും വീട്ടിലിരിക്കുന്ന അതേ വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.
എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ
ഏറ്റവും വലിയ സവിശേഷത, യാത്ര ചെയ്യുന്ന ക്ലാസ് പരിഗണിക്കാതെ എല്ലാ യാത്രക്കാർക്കും ഈ അതിവേഗ ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായിരിക്കും എന്നതാണ്. വിമാനത്തിന്റെ രണ്ട് ഡെക്കുകളിലും ഒരേസമയം നൂറുകണക്കിന് ഉപയോക്താക്കൾക്ക് സ്പീഡ് കുറയാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും വിധമാണ് മൂന്ന് ആന്റിനകളുള്ള പുതിയ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ 25 ബോയിംഗ് 777 വിമാനങ്ങളിൽ എമിറേറ്റ്‌സ് സ്റ്റാർലിങ്ക് വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ട്. 2026 അവസാനത്തോടെ എമിറേറ്റ്‌സ് ഫ്ലീറ്റിലെ 150-ഓളം വിമാനങ്ങളിൽ ഈ സൗകര്യം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, സ്റ്റാർലിങ്ക് വഴി ലൈവ് ടെലിവിഷൻ സ്ട്രീമിംഗ് സൗകര്യവും ഉടൻ ഏർപ്പെടുത്തും. ഇത് ആദ്യം വ്യക്തിഗത ഉപകരണങ്ങളിലും പിന്നീട് സീറ്റിലെ സ്ക്രീനുകളിലും ലഭ്യമാകും.
വിമാനത്തിനുള്ളിലെ ഇന്റീരിയർ നവീകരണത്തിന്റെ ഭാഗമായാണ് ഈ സാങ്കേതിക മുന്നേറ്റം. നിലവിൽ 93 വിമാനങ്ങളിൽ പ്രീമിയം ഇക്കണോമി ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ലഭിക്കുന്ന ആധുനിക സേവനങ്ങളിൽ മറ്റൊരു നാഴികക്കല്ലാവുകയാണ് ഈ സ്റ്റാർലിങ്ക് അപ്‌ഗ്രേഡ്.