
Kuwait MOI Issues Stern Warning കുവൈത്ത് സിറ്റി: മൊബൈൽ ടെലികോം കമ്പനികളിൽ നിന്ന് തവണവ്യവസ്ഥയിലോ പിന്നീട് പണം അടയ്ക്കുന്ന രീതിയിലോ ഫോണുകളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നവർക്ക് ഉടൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
ഇത്തരം ഇടപാടുകളിൽ പൗരന്മാരും പ്രവാസികളും ഏർപ്പെടരുതെന്ന് മന്ത്രാലയം നിർദേശിച്ചു. നിയമപരവും നിയന്ത്രണപരവുമായ ചട്ടങ്ങൾ ലംഘിക്കുന്ന ഇത്തരം ഇടപാടുകൾ പലിശയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, തട്ടിപ്പ്, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിപണിവിലയേക്കാൾ 40 ശതമാനം വരെ കുറച്ച് ഫോണുകൾ വാങ്ങുന്നു
ഉടൻ പണം ലഭിക്കുമെന്ന വാഗ്ദാനത്തിലൂടെയാണ് ഇത്തരം സംഘങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ടെലികോം കമ്പനികളിൽ നിന്ന് ഫോണുകളോ മറ്റ് ഉപകരണങ്ങളോ തവണവ്യവസ്ഥയിൽ വാങ്ങിയശേഷം ഇടനിലക്കാർക്ക് കൈമാറാനാണ് ആവശ്യപ്പെടുന്നത്. വിപണിവിലയേക്കാൾ 40 ശതമാനം വരെ കുറഞ്ഞ തുകയ്ക്ക് ഉപകരണങ്ങൾ കൈമാറേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യഥാർഥത്തിൽ ലഭിക്കുന്ന പണത്തേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ കരാറുകളിലും മറ്റ് രേഖകളിലും ഒപ്പിടാൻ ചിലരോട് ആവശ്യപ്പെടുന്നുണ്ട്. ഇത്തരം ഇടപാടുകളിൽ പങ്കാളികളാകുന്നവർക്ക് നിയമലംഘനങ്ങൾക്കും കോടതി നടപടികൾക്കും വിധേയരാകേണ്ടിവരാം.
ഇടപാടിന്റെ യഥാർഥ സ്വഭാവം പൂർണമായി മനസ്സിലാക്കാതെയാണ് പങ്കെടുത്തതെങ്കിലും നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും
നിയമലംഘനം നടത്തുന്ന ഓൺലൈൻ അക്കൗണ്ടുകളെയും വാണിജ്യ സ്ഥാപനങ്ങളെയും നിരീക്ഷിക്കാൻ വാണിജ്യ മന്ത്രാലയവുമായും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജനറൽ അതോറിറ്റിയുമായും ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുക, വാണിജ്യ ലൈസൻസുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുക, കുറ്റക്കാർക്കെതിരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുക തുടങ്ങിയ നടപടികൾ സ്വീകരിച്ചേക്കും.
സംശയാസ്പദമായ ഇത്തരം പണമിടപാട് വാഗ്ദാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിയമവിരുദ്ധമായ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.