
Qatar Visa Trading Penalty ദോഹ: ഖത്തറിൽ നിയമവിരുദ്ധമായി വിസ കച്ചവടം നടത്തുകയും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തരി റിയാൽ വരെ പിഴയും ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
തങ്ങൾ റിക്രൂട്ട് ചെയ്ത തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കും, നിയമപരമായി റിക്രൂട്ട് ചെയ്യാത്ത വ്യക്തികളെ ജോലിക്ക് നിയോഗിക്കുന്നവർക്കും നിയമം ബാധകമാണ്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഒരു ലക്ഷം ഖത്തരി റിയാൽ വരെ ഉയരാമെന്നും അധികൃതർ അറിയിച്ചു.
റെസിഡൻസ് പെർമിറ്റ് പുതുക്കിയില്ലെങ്കിലും പിഴ
കാലാവധി അവസാനിച്ച റെസിഡൻസ് പെർമിറ്റുകൾ 90 ദിവസത്തിനുള്ളിൽ പുതുക്കുകയോ പുതിയ പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയോ ചെയ്യാത്ത തൊഴിലുടമകൾക്ക് 10,000 ഖത്തരി റിയാൽ വരെ പിഴ ചുമത്തും.
തൊഴിൽ നിയമങ്ങൾ പാലിക്കണം
തൊഴിലുടമകൾ തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കണമെന്നും അധികൃതർ നിർദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുകയും ഖത്തറിലെ പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുകയും വേണം.
നിയമവിരുദ്ധമായ വിസ ഇടപാടുകളിലും തൊഴിൽ ക്രമീകരണങ്ങളിലും ഏർപ്പെടുന്നത് ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും മന്ത്രാലയം നൽകി.