
IndiGo flight lightning strike ന്യൂഡൽഹി: പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിന് ആകാശത്ത് വെച്ച് മിന്നലേറ്റു. 17,000 അടി ഉയരത്തിൽ വെച്ച് ഉണ്ടായ സംഭവത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി.
ഇൻഡിഗോയുടെ 6E925 വിമാനത്തിലാണ് സംഭവം. പട്നയിൽ നിന്ന് ഉച്ചയ്ക്ക് 3.10നാണ് വിമാനം പുറപ്പെട്ടത്. ലക്നൗ വിമാനത്താവളത്തിന് സമീപം വൈകുന്നേരം 4.05ഓടെയാണ് വിമാനത്തിന് മിന്നലേറ്റത്.
മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ പൈലറ്റ് വിമാനം സുരക്ഷിതമായി ലക്നൗവിലേക്ക് തിരിച്ചിറക്കുകയായിരുന്നു. നിശ്ചയിച്ച സമയത്തേക്കാൾ ഏകദേശം എട്ട് മിനിറ്റ് മുമ്പാണ് വിമാനം ലക്നൗവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
വിമാനത്തിൽ 104 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 110 പേരാണ് ഉണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിന് ശേഷം എല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി.
ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തേണ്ടിയിരുന്നതും ഇതേ വിമാനമായിരുന്നു. എന്നാൽ സംഭവത്തെ തുടർന്ന് യാത്രക്കാരുടെ തുടർയാത്രയ്ക്കായി ഇൻഡിഗോ ഉടൻ മറ്റൊരു വിമാനം ക്രമീകരിച്ചു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിൽ വിശദമായ സാങ്കേതിക പരിശോധന നടത്തും. പരിശോധന പൂർത്തിയാക്കി റെഗുലേറ്ററി അനുമതി ലഭിച്ചതിന് ശേഷമേ വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കുകയുള്ളൂ.
ഇതിന് മുമ്പും ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റ സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂൺ 19ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് മിന്നലേറ്റത്. അന്ന് വിമാനത്തിന്റെ പവർ സിസ്റ്റത്തിന് തകരാർ സംഭവിച്ചിരുന്നു.പുതിയ സംഭവത്തിൽ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായതോടെ വലിയ അപകടം ഒഴിവാക്കാനായി.