
11 Indians injured after vessel hit by projectile ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പനാമയുടെ പതാക ഘടിപ്പിച്ച ‘എംടി ഓൺ പീസ്’ (MT On Peace) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
17 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 19 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേർക്ക് പരിക്കേറ്റു. ഒമാൻ സർക്കാരിന്റെ സഹായത്തോടെ പരിക്കേറ്റവരെ ഉടൻ തന്നെ കപ്പലിൽ നിന്ന് ഒഴിപ്പിക്കുകയും ഒമാനിലെ ഖസാബിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിവരികയാണ്.
മേഖലയിലെ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമുദ്രപാതകളിലെ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ആഗോള ഇന്ധന വിതരണത്തിൽ ഏറെ നിർണായകമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഈ പശ്ചാത്തലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
ഇനി യാത്ര കൂടുതൽ സുഗമമാവും; അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 800 ടാക്സികൾ കൂടി
UAE Drisya Staff Editor — October 6, 2026·0 Comment

Abu Dhabi Adds 800 Taxis to Zayed International Airport അബുദാബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ 800 ടാക്സികൾ കൂടി ഗതാഗത ശൃംഖലയിൽ ഉൾപ്പെടുത്തി. അബുദാബി മൊബിലിറ്റിയും അബുദാബി എയർപോർട്ട്സും സഹകരിച്ചാണ് പുതിയ ടാക്സികൾ സർവീസിൽ എത്തിച്ചത്.
പുതിയതായി ഉൾപ്പെടുത്തിയ 800 ടാക്സികളിൽ 500 എണ്ണം ആഡംബര ടാക്സികളാണ്. വിമാനത്താവളത്തിലെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകതയും തിരക്കേറിയ സമയങ്ങളിലെ ഗതാഗത ആവശ്യങ്ങളും പരിഗണിച്ചാണ് അധിക വാഹനങ്ങൾ ഏർപ്പെടുത്തിയത്.
ഇതിന് പുറമെ അബുദാബി നഗരത്തിലെ ടാക്സി ശൃംഖലയിലേക്കും 300 വാഹനങ്ങൾ കൂടി ചേർത്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിൽ നിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ ടാക്സി സൗകര്യം ലഭ്യമാകും.
വിമാനത്താവളത്തിലെ ടാക്സി ലഭ്യത മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുഗമമായ തുടർയാത്ര ഉറപ്പാക്കുന്നതിനുമാണ് നടപടി. അബുദാബി മൊബിലിറ്റിയുടെ കണക്കുകൾ പ്രകാരം എമിറേറ്റിലെ ടാക്സി ഫ്ലീറ്റിൽ 6,000-ത്തിലധികം വാഹനങ്ങളുണ്ട്.