ദുബൈയിലെ യാത്രകൾ ഇനി പോക്കറ്റ് ഫ്രണ്ട്‌ലിയാക്കാം; വിനോദസഞ്ചാരികൾക്കായി ആർടിഎയുടെ നോൾ ട്രാവൽ കാർഡ്

538257

ദുബൈ: ദുബൈ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ബജറ്റ് സൗഹൃദവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പുനൽകി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) നോൾ ട്രാവൽ കാർഡ് (Nol Travel Card). മെട്രോ, ബസ്, ട്രാം, ടാക്സി, ബോട്ട് സർവീസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും നഗരത്തിലെ വിവിധ പെട്രോൾ പമ്പുകളിലും പാർക്കിംഗ് മീറ്ററുകളിലും പണമടയ്ക്കുന്നതിനും ഈ കാർഡ് പ്രയോജനപ്പെടുത്താം. സിൽവർ, ഗോൾഡ്, റെഡ്, ബ്ലൂ കാർഡുകൾ ലഭ്യമാണെങ്കിലും വിനോദസഞ്ചാരികൾക്കായി ആർടിഎ പ്രത്യേകം ശുപാർശ ചെയ്യുന്നത് ‘നോൾ ട്രാവൽ കാർഡ്’ പാക്കേജ് ആണ്.

APPLY NOW FOR THE LATEST VACANCIES

പ്രധാന വിവരങ്ങളും ആനുകൂല്യങ്ങളും

വിലയും ക്രെഡിറ്റും: 100 ദിർഹമാണ് കാർഡിന്റെ വില. ഇതിൽ 19 ദിർഹത്തിന്റെ പ്രാരംഭ യാത്രാ ക്രെഡിറ്റ് ഉൾപ്പെടുന്നു.

കാർഡ് സാധുത: അഞ്ച് വർഷത്തേക്ക് സാധുതയുള്ള ഈ സ്റ്റാൻഡേർഡ് കാർഡ് ആവശ്യാനുസരണം റീചാർജ് ചെയ്യാം.

റീചാർജ് പരിധി: രേഖകൾ നൽകാതെ വാങ്ങുന്ന കാർഡുകളിൽ പരമാവധി 1,000 ദിർഹം വരെയും, പാസ്‌പോർട്ട് നൽകി രജിസ്റ്റർ ചെയ്യുന്ന കാർഡുകളിൽ 5,000 ദിർഹം വരെയും റീചാർജ് ചെയ്യാം.

വ്യാപക കിഴിവുകൾ: 50 പ്രമുഖ ബ്രാൻഡുകളുടെ 65-ലധികം ഔട്ട്‌ലെറ്റുകളിൽ 10% മുതൽ 50% വരെ കിഴിവ് ലഭിക്കും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയിലായി 17,000 ദിർഹത്തിലധികം മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.

എങ്ങനെ സ്വന്തമാക്കാം?

സ്മാർട്ട്ഫോണുകളിൽ ‘nol Pay’ ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ‘Get my nol card’ വഴി നോൾ ട്രാവൽ കാർഡ് തിരഞ്ഞെടുക്കാം. 100 ദിർഹം ഫീസ് അടച്ചാൽ NFC സജ്ജമാക്കിയ ഫോൺ ഉപയോഗിച്ച് തന്നെ സ്റ്റേഷനുകളിൽ ടാപ്പ് ചെയ്ത് യാത്ര ചെയ്യാം.

ആർടിഎ ടിക്കറ്റ് കൗണ്ടറുകൾ, സൂം (ZOOM) സ്റ്റോറുകൾ, അൽ അൻസാരി എക്സ്ചേഞ്ച്, ദുബായ് വിമാനത്താവളത്തിലെ യൂറോപ്കാർ (Europcar) ശാഖകൾ, റെയ്ന ടൂഴ്സ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും കാർഡ് വാങ്ങാം.

പൊതുഗതാഗതം എളുപ്പമാക്കുന്നതിനൊപ്പം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആകർഷകമായ കിഴിവുകൾ നൽകുന്നുവെന്നതാണ് നോൾ ട്രാവൽ കാർഡിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ ഉപാധിയാക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്

അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്. 

രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

APPLY NOW FOR THE LATEST VACANCIES

ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.

മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്. 

ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി. 

കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *