യുഎഇയിലെ പ്രവാസികളെ ശ്രദ്ധിക്കുക!!ഈ കൊടും ചൂടിൽ നിങ്ങൾ നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകൾ ഇതാ

UAE’s extreme heat Precautions അബുദാബി: യുഎഇയിൽ വേനൽച്ചൂട് അതിരൂക്ഷമായി തുടരുന്നതിനിടെ ഈ വർഷം ആദ്യമായി രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് അബുദാബിയിലെ അൽ ഷവാമഖിൽ ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റിന്റെ തുടക്കത്തിലും കനത്ത ചൂട് തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിർജലീകരണം, സൂര്യാഘാതം, അമിത ക്ഷീണം, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചു. പുറത്തുപോകേണ്ടി വരുന്നവർ ധാരാളം വെള്ളം കുടിക്കുകയും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും വേണം. കുട്ടികളെയോ വയോധികരെയോ വളർത്തുമൃഗങ്ങളെയോ ഒരു കാരണവശാലും പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഒറ്റയ്ക്ക് വിടരുതെന്നും അധികൃതർ ഓർമിപ്പിച്ചു. പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപ്പാക്കിയ ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ നിർബന്ധിത വിശ്രമമാണ് നിലവിലുള്ളത്. പ്രതിദിനം കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ശരീരഭാരത്തിലെ ഓരോ 25 കിലോഗ്രാമിനും ഒരു ലീറ്റർ വെള്ളം എന്ന കണക്കിൽ ജലാംശം ഉറപ്പാക്കുന്നതാണ് ഉചിതം. ഒആർഎസ് ലായനി, സംഭാരം, മോര് തുടങ്ങിയവ കുടിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും, നിർജലീകരണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ വ്യക്തിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം തേടണമെന്നും ആരോഗ്യ അധികൃതർ നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *