ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ്: മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പ്രവാസികൾക്ക് ലക്ഷങ്ങളുടെ സമ്മാനം
അബുദാബി: യു.എ.ഇ ബിഗ് ടിക്കറ്റിന്റെ മേയ് മാസത്തിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ പ്രവാസി മലയാളികൾക്ക് വൻ ഭാഗ്യം. കേരളത്തിൽ നിന്നുള്ള മൂന്ന് പ്രവാസികളും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടെ നാല് പേർ 25,000 ദിർഹം (ഏകദേശം 5.6 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം സമ്മാനമായി സ്വന്തമാക്കി.
അജ്മാനിൽ താമസിക്കുന്ന മലയാളി മാനേജർ ഹെൽവിൻ ആന്റണിയാണ് വിജയികളിൽ ഒരാൾ. കഴിഞ്ഞ 10 വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കാളിയാകുന്ന ഇദ്ദേഹത്തിന്, അജ്മാനിലെ വീട്ടിൽ ഭാര്യയോടൊപ്പം ഇരിക്കുമ്പോഴാണ് ഭാഗ്യവിവരമെത്തിയത്. സമ്മാനത്തുക പൂർണ്ണമായും ഭാര്യയ്ക്ക് നൽകുമെന്നും ഇത് എന്തിനുപയോഗിക്കണമെന്ന് അവൾ തീരുമാനിക്കുമെന്നും 55 കാരനായ ഹെൽവിൻ വ്യക്തമാക്കി.
ദുബായിൽ സെയിത്സ് മാനേജറായി ജോലി ചെയ്യുന്ന മലയാളി ഗിരീഷ്കുമാർ പരയന്തഴത്തിനും ഇത്തവണ ഭാഗ്യം തുണച്ചു. കഴിഞ്ഞ അഞ്ച് വർഷമായി 50 പേരടങ്ങുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് ഗിരീഷ്കുമാർ ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക ഈ 50 പേർക്കുമായി തുല്യമായി വീതിച്ചു നൽകും.
പ്രൊമോഷൻ കോൾ എന്ന് കരുതി സമ്മാനവിവരത്തോട് ആദ്യം അവിശ്വാസം പ്രകടിപ്പിച്ച മലയാളി അക്കൗണ്ടന്റ് ഷാജി ജോർജാണ് (35) സമ്മാനം നേടിയ മറ്റൊരു മലയാളി. കഴിഞ്ഞ രണ്ട് വർഷമായി ആറ് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുകയുടെ തന്റെ വിഹിതം കൊണ്ട് കുടുംബത്തിന് ഒരു പ്രത്യേക സമ്മാനം വാങ്ങണമെന്നാണ് ഷാജിയുടെ ആഗ്രഹം.
ഫുജൈറയിൽ കഴിഞ്ഞ 42 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന 60 കാരനായ ബംഗ്ലാദേശ് സ്വദേശി നന്തു ഡേയാണ് നാലാമത്തെ വിജയി.
അടുത്ത ബമ്പർ സമ്മാനം 20 മില്യൺ ദിർഹം
ജൂൺ 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 20 മില്യൺ ദിർഹം (2 കോടി ദിർഹം) ആണ്. മേയ് 1 മുതൽ 24 വരെയുള്ള കാലയളവിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 150,000 ദിർഹം വരെ സമ്മാനം ലഭിക്കാവുന്ന ‘ബിഗ് വിൻ കോൺടെസ്റ്റിലും’ പങ്കെടുക്കാം. മേയ് മാസത്തിൽ ഇനി രണ്ട് പ്രതിവാര ഇ-ഡ്രോകൾ കൂടി ബാക്കിയുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴിയും യു.എ.ഇയിലെ വിവിധ എയർപോർട്ട് കൗണ്ടറുകൾ വഴിയും ഉപഭോക്താക്കൾക്ക് ടിക്കറ്റുകൾ ലഭ്യമാണ്.