
Kuwait illegal parking fines കുവൈത്ത് സിറ്റി: നിയന്ത്രിത മേഖലകളിലും നടപ്പാതകളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി ശക്തമാക്കുമെന്ന് കുവൈത്ത് ട്രാഫിക് ബോധവൽക്കരണ വകുപ്പ് അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കെട്ടിവലിച്ചുമാറ്റുകയോ വീൽ ക്ലാമ്പ് ഉപയോഗിച്ച് പൂട്ടുകയോ ചെയ്യുമെന്ന് ട്രാഫിക് ബോധവൽക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൗഹാസൻ വ്യക്തമാക്കി.
റോഡിന്റെ അരികിൽ പാർക്കിംഗ് നിരോധനം സൂചിപ്പിക്കുന്ന പ്രത്യേക അടയാളങ്ങൾ ഇല്ലെന്ന കാരണത്താൽ എവിടെയും വാഹനം പാർക്ക് ചെയ്യാമെന്ന് കരുതരുത്. അധികൃതർ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അവയിലൂടെ വാഹനമോടിക്കുന്നതും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. റോഡ് അറ്റകുറ്റപ്പണികളും കവലകളിൽ നിയമം ലംഘിച്ച് മറ്റ് വാഹനങ്ങളെ മറികടക്കുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹേൽ ആപ്പിലൂടെ ഡ്രൈവർക്ക് അനുമതി നൽകാം
കുവൈത്തിലെ സഹേൽ (Sahel) ആപ്പ് വഴി വാഹന ഉടമകൾക്ക് മറ്റൊരാൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി നൽകാമെന്നും ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൗഹാസൻ പറഞ്ഞു. അനുമതിയുടെ കാലാവധിയും ഇതിലൂടെ വ്യക്തമാക്കാം.
അനുമതി ലഭിച്ച കാലയളവിൽ അംഗീകൃത ഡ്രൈവർ നടത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് വാഹന ഉടമയ്ക്കും ഉത്തരവാദിത്തമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുട്ടികൾക്കും വീട്ടുഡ്രൈവർമാർക്കും ബോധവൽക്കരണം വേണം
ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കും വീട്ടുഡ്രൈവർമാർക്കും മാതാപിതാക്കൾ ബോധവൽക്കരണം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റ് റോഡ് ഉപയോക്താക്കളുടെ അവകാശങ്ങൾ മാനിക്കുകയും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നത് അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.