വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒമാനിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. ഇബ്രി വിലായത്തിലെ വാദി അൽ ഐനിൽ വാദികൾ കരകവിഞ്ഞൊഴുകി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ സുഡാനി സ്വദേശിയായ ഒരു അധ്യാപകൻ മരിച്ചതാണ് ഏറ്റവും പുതിയ ദാരുണമായ സംഭവം. കെട്ടിടത്തിനുള്ളിലേക്ക് പ്രളയജലം ഇരച്ചുകയറിയതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ പോലീസ് ഏവിയേഷൻ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. ഇതിനുപുറമെ, അൽ ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ വാദിയിലെ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് ഒരു കുട്ടിയും ജീവൻ വെടിഞ്ഞു. രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വീണ്ടെടുത്തത്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ അടിയന്തര സമിതിയുടെ (NCEM) നേതൃത്വത്തിൽ ശക്തമായ രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും തുടരുകയാണ്. മഴക്കെടുതിയെത്തുടർന്ന് ഇതുവരെ 533 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതിൽ 253 പേർ നിലവിൽ ഒമ്പതോളം അഭയകേന്ദ്രങ്ങളിലായി കഴിയുന്നുണ്ട്. അത്യാവശ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ ഗവർണറേറ്റുകളിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് അധികൃതർ നടത്തിവരുന്നത്.