
Saudi Arabia drone attacks : ശൈബ എണ്ണപ്പാടത്തിനും ദമ്മാം വിമാനത്താവളത്തിനും നേരെ ആക്രമണം; സൗദിയിലെ അത്യാവശ്യമല്ലാത്ത അമേരിക്കൻ സർക്കാർ ജീവനക്കാരോട് രാജ്യം വിടാൻ നിർദേശം
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടത്തെയും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളെ തുടർന്ന് രാജ്യത്ത് സുരക്ഷാ ആശങ്ക ശക്തമായി. സംഭവങ്ങളിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും ഇന്ത്യൻ പൗരനുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സൗദി ഊർജ മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, ശൈബ എണ്ണപ്പാടത്തെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ സൗദി വ്യോമസേന ആകാശത്തുവെച്ച് തകർത്തു. എന്നാൽ, ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരിൽ ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. പരിക്കേറ്റ ഇന്ത്യൻ പൗരന് വിദഗ്ധ ചികിത്സ നൽകിവരികയാണ്.
ഇതിനുപിന്നാലെയാണ് ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായത്. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള ചില വിമാന സർവീസുകൾ താൽക്കാലികമായി വഴിതിരിച്ചുവിട്ടു. സർവീസുകളെ ബാധിച്ച നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സൗദിയിലെ അമേരിക്കൻ സർക്കാർ ജീവനക്കാരോട് രാജ്യം വിടാൻ നിർദേശം
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ അത്യാവശ്യമല്ലാത്ത അമേരിക്കൻ സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗൾഫ് മേഖലയിലാകെ അമേരിക്കൻ പൗരന്മാരെ തിരിച്ചുവിളിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെ തുടർന്നാണ് അവിടെയുള്ള അമേരിക്കൻ സർക്കാർ ജീവനക്കാർക്കായി പ്രത്യേക നിർദേശം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ സുരക്ഷാ നടപടികളും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ശ്രദ്ധയിൽ തുടരുകയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ സുരക്ഷാ സാഹചര്യത്തിന്റെ വ്യാപ്തി വ്യക്തമാകൂ.
1 Comment