
Kuwait Ministry Vehicle Traffic Fines : കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനങ്ങളിൽ നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പിഴ വാഹനങ്ങൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേരിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം. ഓരോ ട്രാഫിക് നിയമലംഘനവും ബന്ധപ്പെട്ട വ്യക്തിയുടെ പേരും സിവിൽ ഐഡി നമ്പറുമായി ബന്ധിപ്പിച്ചായിരിക്കും രേഖപ്പെടുത്തുക.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹീബ് സർക്കുലർ നമ്പർ 134 പുറത്തിറക്കി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങളിൽ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ചാണ് സർക്കുലർ.
കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ ഈടാക്കുക, ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായ വ്യക്തികളെ കൃത്യമായി തിരിച്ചറിയുക എന്നിവയാണ് പുതിയ നിർദേശത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളും വകുപ്പുകളും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്ന ജീവനക്കാരുടെ പേരും സിവിൽ ഐഡി നമ്പറും വാഹന വിഭാഗം മുഖേന ജനറൽ ഡയറക്ടറേറ്റ് ഓഫ് സപ്ലൈയ്ക്ക് കൈമാറണം. ഇതിന്റെ അടിസ്ഥാനത്തിൽ പിഴകൾ ബന്ധപ്പെട്ട ജീവനക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാർ, ഡയറക്ടർ ജനറൽമാർ, വകുപ്പ് മേധാവികൾ, മറ്റ് മന്ത്രാലയ വിഭാഗങ്ങൾ എന്നിവർ തങ്ങളുടെ ജീവനക്കാരെ പുതിയ നിർദേശത്തെക്കുറിച്ച് അറിയിക്കുകയും കർശനമായി നടപ്പാക്കുകയും വേണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പിഴകൾ ഉത്തരവാദികളായ വ്യക്തികളിൽനിന്ന് ഈടാക്കാനും ബന്ധപ്പെട്ട അധികൃതർ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ പരിഹരിക്കാനുമാണ് നടപടി. സർക്കുലർ പുറത്തിറക്കിയ തീയതി മുതൽ നിർദേശം പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.