
Qatar Kuwait Public Event Ban ദോഹ/കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഖത്തറിലും കുവൈറ്റിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ എല്ലാ പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കും ഇരു സർക്കാരുകളും താൽക്കാലിക നിരോധനം പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.
പ്രധാന നിയന്ത്രണങ്ങൾ:
- ആഘോഷങ്ങൾക്ക് വിലക്ക്: മുൻകൂട്ടി നിശ്ചയിച്ച സാംസ്കാരിക പരിപാടികൾ, സംഗീത നിശകൾ, കായിക മാമാങ്കങ്ങൾ എന്നിവയെല്ലാം മാറ്റിവെച്ചു.
- സുരക്ഷാ മുൻകരുതൽ: സംഘർഷം മേഖലയിലാകെ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
- ജനങ്ങളോട് നിർദ്ദേശം: അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കാരണം: അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങളും ഇറാന്റെ മിസൈൽ ആക്രമണങ്ങളും മേഖലയെ യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ കടുപ്പിച്ചത്. കുവൈറ്റും ഖത്തറും തങ്ങളുടെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ എടുത്തിരിക്കുന്നത്.
ഇസ്രയേൽ, യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ കലാപ കലുഷിതം. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ ആഡംബര കേന്ദ്രമാണ് ജുമൈറ ലേക്ക് ടവറില്‍ തീപ്പിടുത്തമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റെന്ന് ദുബായ് സ്ഥിരീകരിച്ചു. അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചു. ആരും വീടിന് പുറത്ത് ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. അതിനിടെ, ടെഹ്റാനിൽ വീണ്ടും സ്ഫോടനം ഉണ്ടായി. ടെൽ അവീവിലെ ഇറാന്‍റെ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ഇസ്രായേല്‍ പ്രതികരിച്ചു. നഗരത്തിന് പുറത്തേക്ക് കൂട്ടപ്പലായനം നടത്തുകയാണ് ജനങ്ങൾ. റോഡുകളിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരിക്കുകയാണ്.
യുഎഇ, ഖത്തർ, കുവൈറ്റ്, ബഹറൈൻ സൗദി തുടങ്ങിയ ഇടങ്ങളിലാണ് ഇറാൻ മിസൈലാക്രമണം തുടരുന്നത്. നേരത്തെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രിയും റവല്യൂഷനറി ഗാർഡിന്റെ കമാൻഡറും കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊട്ടാരവും ആക്രമണത്തിൽ തകർന്നു. ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. അതിനിടെ, ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ആക്രമണത്തെ അപലപിച്ച് റഷ്യ അടക്കമുള്ള ലോക രാജ്യങ്ങൾ രംഗത്തെത്തി. അടിയന്തര യുഎൻ സുരക്ഷാ സമിതി യോഗം ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക് ചേരും.ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സാഹചര്യം വഷളാക്കിയത് ഇറാൻ സർക്കാരെന്ന് യുക്രൈന്‍ വിമര്‍ശിച്ചു. ഇറാനെ ആണവായുധം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു.