
അബൂദബി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ ഇറാന്റെ പ്രത്യാക്രമണം. യുഎഇയിലെ യു.എസ് സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാന്റെ പ്രത്യാക്രമണത്തിൽ അബൂദബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. ഇറാൻ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായും എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലക്ഷ്യമിട്ടത് യുഎസ് താവളങ്ങൾ
യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ മേഖലയിലെ മറ്റ് മൂന്ന് താവളങ്ങളെക്കൂടി ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളം, കുവൈറ്റിലെ അൽ-സലേം വ്യോമതാവളം, ബഹ്‌റൈനിലെ അഞ്ചാമത്തെ യുഎസ് നാവിക താവളം
നേരത്തെ ഇസ്റാഈലും യുഎസും സംയുക്തമായി ഇറാനിലെ വിവിധ നഗരങ്ങളിൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് തെഹ്റാൻ നൽകുന്ന വിശദീകരണം. തങ്ങളെ ആക്രമിച്ചാൽ മേഖലയിലുടനീളമുള്ള യുഎസ് സൈനിക സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ നീക്കം ദേശീയ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഭീരുത്വപരമായ ഈ പ്രവൃത്തിയോട് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ രാജ്യത്തിന് പൂർണ്ണ അവകാശമുണ്ട് മന്ത്രാലയം വ്യക്തമാക്കി. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രസ്താവനയിലുണ്ട്.
ആശങ്കയോടെ ലോകരാജ്യങ്ങൾ
ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പ്രതികരിച്ചു. സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ എല്ലാ ഭാഗങ്ങളും തയ്യാറാകണം. ഇസ്റാഈൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറുമായും മറ്റ് അറബ് നേതാക്കളുമായും താൻ ആശയവിനിമയം നടത്തുന്നുണ്ടെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം ലഘൂകരിക്കാനാണ് ശ്രമമെന്നും കല്ലാസ് കൂട്ടിച്ചേർത്തു.
