ദുബായ്: ഈവനിംഗ് വാക്കിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതിക്ക് സുഖപ്രസവം. ഇന്ത്യൻ മാധ്യമപ്രവർത്തകയായ ആസ്ത കൻവാറാണ് (30) ഫെബ്രുവരി 10-ന് പെൺകുഞ്ഞിന് ജന്മം നൽകിയത്. ത്രയാംബിക ഗൗതം എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജനുവരിയിലാണ് സംഭവം നടന്നത്. വീടിന് സമീപം ഭർത്താവിനൊപ്പം നടക്കാനിറങ്ങിയ ആസ്തയെ വൺവേ തെറ്റിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണ ആസ്ത അപകടസമയം 33 ആഴ്ച ഗർഭിണിയായിരുന്നു.
അപകടത്തിൽ ആസ്തയുടെ തലയോട്ടിയുടെ വലതുഭാഗത്തും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റിരുന്നു. കൂടാതെ, ആന്തരികാവയവങ്ങളായ കരളിനും പ്ലീഹയ്ക്കും (Spleen) ഉണ്ടായ ക്ഷതത്തെത്തുടർന്ന് ഇവയുടെ ഭാഗങ്ങൾ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു.
ദിവസങ്ങൾ നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കുമൊടുവിലാണ് ആസ്ത 2.4 കിലോഗ്രാം ഭാരമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയും കുഞ്ഞും മരിച്ചുപോയെന്നാണ് ആദ്യം കരുതിയതെന്നും, ഇതൊരു പുനർജന്മമാണെന്നും ഭർത്താവ് പ്രതികരിച്ചു. തങ്ങളുടെ ജീവൻ തിരിച്ചുനൽകിയ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആസ്ത ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്.