Keli തൃശൂർ: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് മരിച്ച റിയാദിലെ കേളി പ്രവർത്തകൻ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ട് കൈമാറി. തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് തുക കൈമാറിയത്. റിയാദിലെ ശുമൈസി ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന സത്യൻ, ആഞ്ജിയോഗ്രാം പൂർത്തിയാക്കിയ ശേഷമാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.
എന്നാൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തൃശൂർ പോർക്കളം പള്ളിക്കര സ്വദേശിയാണ് സത്യൻ. കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും, പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് കുടുംബത്തിന് കൈമാറിയത്. കേളി രക്ഷാധികാരി സമിതി അംഗവും എൻ.ആർ.കെ. കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.